കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ കൂടുതൽപേർ ഇരകളായതായി പോലീസ്. അനുദിനമെന്നോണം കൂടുതല്‍ പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പലരും ഇപ്പോഴാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നതെന്നും പോലീസ് വ്യക്തമാക്കുന്നു.
15 പരാതിയാണ് ലഭിച്ചതെങ്കിലും ഒരു പരാതിയിൽ തന്നെ ബന്ധുക്കളായ രണ്ടോ മൂന്നോ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. 80 ലക്ഷത്തോളം രൂപ ഇവർക്ക് നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പ്രതി പൊക്കുന്ന് തീർഥലയത്തിൽ വി. ദിദിൻ കുമാറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി
. ഇയാള്‍ ഇതരസംസ്ഥാനത്തേക്ക് കടന്നതായും സൂചനയുണ്ട്. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാനായി പാസ്പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചു.
മുക്കം, പന്തീരാങ്കാവ്, ഫറോക്ക്, ചേവായൂർ പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായ കൂടുതൽപേർ പരാതി നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരൻ എന്ന വ്യാജേനയാണ് പ്രതി ആളുകളിൽനിന്ന് പണം തട്ടിയത്. ആശുപത്രി വികസന സമിതിക്ക് കീഴിൽ വിവിധ ജോലികളാണ് വാഗ്ദാനം ചെയ്തിരുന്നത്.
2020 മുതൽ തട്ടിപ്പ് തുടങ്ങിയതായി മെഡിക്കൽ കോളജ് പോലീസ് പറയുന്നു. പലരും പരാതിനൽകാൻ വൈകിയത് പ്രതിക്ക് കൂടുതൽപേരെ തട്ടിപ്പിനിരയാക്കാൻ അവസരമൊരുക്കിയെന്നാണ് പോലീസ് നിഗമനം.