കോഴിക്കോട്: പാവപ്പെട്ട രോഗികളെ ദുരിതത്തിലാക്കി എംആര്‍ഐ സ്കാനിന് അടിക്കടി തൂക കൂട്ടി മെഡിക്കല്‍ കോളജ് അധികൃതര്‍. 250 രൂപ കൂടി വര്‍ധിപ്പിച്ചു. 3750 രൂപയാണ് നിലവില്‍ ഈടാക്കുന്നത്. മറ്റു സ്വകാര്യസ്ഥാപനങ്ങളില്‍ 4,000 രൂപയാണ് ഈടാക്കുന്നത്. എളുപ്പം സ്കാനിംഗ് റിസള്‍ട്ട് ലഭിക്കുകയും ചെയ്യും. മെഡിക്കല്‍ കോളജില്‍ ആണെങ്കില്‍ മണിക്കൂറുകള്‍ ക്യൂ നിന്ന് കാത്തിരിക്കണം. ആകെയുള്ള ലാഭം 250 രൂപ മാത്രവും.
മറ്റു സ്വകാര്യ ലാബുകള്‍ ആദ്യം നാലായിരം രൂപ പറയുമെങ്കിലും ചിലപ്പോഴേക്കെ 3500- രൂപയ്ക്ക് ചെയ്തു നല്‍കാറുണ്ട്. 3,000 രൂപയ്ക്ക് ചില സ്വകാര്യ ആശുപത്രികള്‍ എംആര്‍ഐ സ്കാനിംഗ് എടുത്തുകൊടുക്കുന്നു. ഈ ഒരു അവസ്ഥയിലാണ് നൂറുകണക്കിന് രോഗികള്‍ എത്തുന്ന മെഡിക്കല്‍ കോളജില്‍ നാമമാത്രമായ കുറവുമാത്രമുള്ളത്.
സമീപകാലത്തായി സ്കാനിംഗിന് അടിക്കടി തുക ഉയര്‍ത്തുന്ന പ്രവണതയാണ് മെഡിക്കല്‍ കോളജില്‍ എന്ന് രോഗികള്‍ പരാതിപ്പെടുന്നു. എംആര്‍ഐ സ്കാനിംഗിനുള്ള ഇന്ജക്ഷന് 950 രൂപയാണ് മെഡിക്കല്‍ കോളജിനുള്ളിലെ ഫാര്‍മസിയിലെ വില. എന്നാല്‍ പുറത്ത് മരുന്നു ഷാപ്പുകളില്‍ ഇത് 650 രൂപയ്ക്ക് ലഭിക്കും.പുറത്തുനിന്നു വാങ്ങുന്ന ഇന്ജക്ഷന് മെഡിക്കല്‍ കോളജില്‍ സ്വീകരിക്കാറുമില്ല.
പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകേണ്ട മെഡിക്കല്‍ കോളജിലെ അവസ്ഥയാണ് ഇത്. മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ട അവസ്ഥയോര്‍ത്ത് പലരും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. പുറത്തുനിന്നും ലഭ്യമാകുന്നതിന്റെ നേര്‍പകുതി രൂപയ്ക്കെങ്കിലും സേവനം ലഭ്യമാക്കികൂടെയെന്നാണ് മെഡിക്കല്‍ കോളജ് അധികൃതരോട് പാവപ്പെട്ട രോഗികള്‍ ചോദിക്കുന്നത്.
കാന്തികശക്തി ഉപയോഗിച്ച് ശരീരത്തിന്റെ ആന്തരിക ഘടന കണ്ടെത്താന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആര്‍ഐ സ്കാന്‍ ശരീരത്തിനു ഹാനികരമായ റേഡിയേഷനുകള്‍ ഒന്നും ഉപയോഗിക്കാത്തതിനാല്‍ സുരക്ഷിതമാണ് ഈ സ്കാന്‍. അതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ എംആര്‍ഐ സ്കാനിനാണ് പലപ്പോഴും നിര്‍ദേശിക്കാറുള്ളത്. ഇതുകൂടി മുന്നില്‍കണ്ടാണ് പാവപ്പെട്ട രോഗികളുടെ “കീശയൂറ്റല് ‘ പരിപാടി നടക്കുന്നത്.