കോഴിക്കോട്: മെഡിക്കൽ കോളജ് ഫാർമസിയിൽ മരുന്നിനുപോലും, മരുന്നില്ല. മാതൃശിശുസംരക്ഷണകേന്ദ്രത്തിലാണ് ഈ ദുരവസ്ഥ. പനിയുമായി എത്തുന്ന ചെറിയ കുട്ടികൾക്ക് നൽകേണ്ട സിറപ്പുപോലും പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്. വെറും ആറുരൂപയാണ് ഇതിന്റെ വില. ഇതുപോലും റോഡ് മുറിച്ചുകടന്നുപോയിവേണം വാങ്ങാൻ. കുട്ടികളുടെ പനി എളുപ്പം ശമിക്കുന്നതിനായി ശരീരത്തിൽ വയ്ക്കുന്ന മരുന്നാണിത്.
ഫാർമസിയിൽ ആകെയുള്ളത് പാരസറ്റമോളും ജലദോഷത്തിന് മൂക്കിൽ ഉറ്റിക്കുന്ന തുള്ളിമരുന്നും മാത്രമാണ്. ഇതുതന്നെ അത്യാഹിത വിഭാഗത്തിനു മുന്നിലായുള്ള ഫാർമസിൽ നിന്നും വാങ്ങണം. ആശുപത്രിക്കുള്ളിലുള്ള മരുന്നു ഷോപ്പിലാണെങ്കിൽ ഇതും ഇല്ല. പലരും മണിക്കുറുകൾ ക്യൂനിന്നാണ് മരുന്നുവാങ്ങാൻ കൗണ്ടറിൽ എത്തുന്നത്. അപ്പോഴാണ് മരുന്നില്ലെന്ന കാര്യം അറിയുക. ആദ്യം ശീട്ട് കാണിച്ച് മരുന്നുണ്ടോ എന്ന് തിരക്കിയശേഷം ക്യൂനിൽക്കുന്ന കാഴ്ചയാണുളളത്.
അതുകൊണ്ടുതന്നെ പുറത്തുളള മരുന്നുഷോപ്പുടമകൾക്ക് ചാകരയാണ്. കാരുണ്യഫാർമസിൽ അത്യാവശ്യം മരുന്നുണ്ടെങ്കിലും മണിക്കൂറുകൾ കാത്തിരിക്കണം. ടോക്കണ്‍ സന്പ്രദായമാണിവിടെ. അതായത് എളുപ്പം മരുന്നുലഭിക്കണമെങ്കിൽ വേറെ വഴിനോക്കണമെന്നർഥം.