കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ ജീവനക്കാരന് പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഭരണാനുകൂല സംഘടനാ നേതാക്കൾ രംഗത്ത്.
പീഡനവിഷയത്തില്‍ അതിജീവിതയ്ക്ക് അനുകൂലമായി നിലപാടെടുത്ത വാര്‍ഡിലെ നഴ്സിംഗ് ഓഫീസറുടെ ജോലി കളയുമെന്നു ഭരണാനുകൂല സര്‍വീസ് സംഘടനയുടെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തി.
കഴിഞ്ഞ ദിവസം പ്രിന്‍സിപ്പലിന്റെ ഓഫീസിനു മുന്നില്‍ വച്ചു ചീഫ് നഴ്സിംഗ് ഓഫീസറുടെയും നഴ്സിംഗ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിലായിരുന്നു ഭീഷണിയെന്ന് ആശുപത്രി സൂപ്രണ്ടിനു നല്കിയ പരാതിയില്‍ നഴ്സിംഗ് ഓഫീസര്‍ പറയുന്നു.
ജോലിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ഇവര്‍ക്കുനേരേ സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപവും നടക്കുന്നുണ്ട്.പരാതി പോലീസിനു കൊടുക്കുന്നതിന്റെ മുന്നോടിയായി പ്രന്‍സിപ്പലിനു കൈമാറി.
അതിജീവിതയുടെ മൊഴിമാറ്റിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരേ നടപടി വന്നതിനു പിന്നാലെയാണു പുതിയ സംഭവങ്ങൾ.
നീതിക്കുവേണ്ടി നിലക്കൊണ്ട ജീവനക്കാര്‍ക്ക് ഓഫീസില്‍ ജോലി ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ സമ്മര്‍ദം മുറുകുകയാണ്. പ്രതിയായ മെഡിക്കല്‍ കോളജ് ഗ്രേഡ് വണ്‍ അറ്റന്‍ഡര്‍ വടകര വില്യാപ്പള്ളി മയ്യന്നൂര്‍ കുഴിപ്പറമ്പത്ത് ശശിധരന് റിമാന്‍ഡിലാണ്.
പ്രതിയെ രക്ഷിക്കാന്‍ അതിജീവിതയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തിയ സംഭവത്തില്‍ ആറു ജീവനക്കാരികള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദിവസവേതനക്കാരി ദീപയെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
അറ്റന്‍ഡര്‍മാരായ ആസ്യ, ഷൈനി ജോസ്, പി.ഇ. ഷൈമ, ഷലൂജ, നഴ്സിംഗ് അസി. പ്രസീത മനോളി എന്നിവര്‍ സസ്പെന്‍ഷനിലാണ്.
സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഇവര്‍ക്കെതിരേ ഐപിസി 195 (എ) പ്രകാരം മെഡിക്കല്‍ േകാളജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇരയായ യുവതിയില്‍നിന്ന് ഇന്നലെ മൊഴി എടുത്തിട്ടുണ്ട്.
ഇവരെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തേക്കുമെന്നു പോലീസ് അറിയിച്ചു. അതിനിടയിലാണ് സര്‍വീസ് സംഘടനാ നേതാവുതന്നെ പരസ്യമായി പ്രതിക്കു അനുകൂല നിലപാടുമായി എത്തിയിട്ടുള്ളത്. ആശുപത്രിയില്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്ന തോന്നലാണ് ഇതുവഴി പൊതുസമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്.