കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റിയില്‍ രോഗികള്‍ക്ക് തീരാദുരിതം. രാവിലെ എട്ടിന് തുടങ്ങുന്ന ഒപിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരു കൗണ്ടര്‍മാത്രം. ഡ്യൂട്ടിയിലുള്ളത് മൂന്ന് ജീവനക്കാരും. നൂറുകണക്കിന് രോഗികള്‍ക്ക് ക്യൂവില്‍ നിന്ന് തളരാനാണ് വിധി. ഒപിയില്‍ നിന്നും ടിക്കറ്റ് എടുത്തശേഷം ഡോക്ടറെ കാണാനും ക്യൂ നില്‍ക്കണം. പ്രായമായവര്‍ വരെ മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയാണ്.
ഇതുകൊണ്ടുതീര്ന്നില്ല, രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നിടത്തും സമാനമായ അവസ്ഥയാണ്. ഇന്ന് രാവിലെ ഇതുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും രോഗികള്‍ക്കൊപ്പം വന്നവരുമായി തര്‍ക്കവും ഉണ്ടായി. നിലവില്‍ നാല് കൗണ്ടറുകളെങ്കിലും പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് അവസാനമുണ്ടാകൂ. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ ഞങ്ങള്‍ എന്തുചെയ്യുമെന്നാണ് ആശുപത്രി അധികൃതര്‍ ചോദിക്കുന്നത്.
മണിക്കൂറുകളോളം ക്യൂനിന്ന് പലരും തളര്‍ന്നുവീഴുന്നതും പതിവാണ്. ഈ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഉള്ള ടോയ്ലറ്റിലും സമാനമായ അവസ്ഥയാണ്. ക്യൂ തന്നെയാണ് ഇവിടെയും ഉള്ളത്. ടോക്കണ്‍ വിളിക്കുന്ന സമയത്ത് ഡോക്ടറുടെ മുറിയുടെ സമീപം ഉണ്ടാകണമെന്നതിനാല്‍ പുറത്തുപേകാനാനും സാധിക്കില്ല.
രാവിലെ ഒപിയില്‍ എത്തുന്നവര്‍ക്ക് ഉച്ചയോടെയേ പുറത്തിറങ്ങാന്‍ കഴിയൂ എന്നതാണ് അവസ്ഥ.പ്രായമായവര്‍ക്കും കുട്ടികളുമായി എത്തുന്നവര്‍ക്കും ഈ ക്യൂവില്‍ നിന്നും രക്ഷനല്കണമെന്ന ആവശ്യമാണ് പരക്കേ ഉയരുന്നത്.