കോഴിക്കോട്: മെഡിക്കൽ കോളജിലെ വിവിധ ചികിത്സകേന്ദ്രങ്ങളിലേക്ക് രോഗികളേയും കൊണ്ട് കനത്തവെയിലിൽ നടക്കേണ്ടി വരുന്നത് രോഗികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. പ്രധാന ആശുപത്രിയിലെ വിവിധ വാർഡുകളിൽ നിന്നും സൂപ്പർസ്പെഷാലിറ്റി വിഭാഗം,ഫിസിയോതൊറാപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് രോഗികളെ സ്ട്രച്ചറിൽ കൊണ്ട് പോകണം.വാർഡുകളിൽ നിന്നും അത്യാഹിതവിഭാഗങ്ങളിൽ നിന്നും സ്ഥിരമായി രോഗികളെ കൊണ്ട്പോയി തിരിച്ചുകൊണ്ട് വരുന്നതും പതിവാണ്.
പ്രധാന കെട്ടിടവും ഈ വിഭാഗങ്ങളും തമ്മിൽ അരകിലോമീറ്റർ ദൂരമുണ്ട് .പ്രയാസം ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് എസ്ബിഐ സ്പോണ്സർ ചെയ്ത ആംബുലൻസും ഡ്രൈവറുമുണ്ട്.എന്നാൽ രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ സൗജന്യസേവനം ലഭ്യമാണെങ്കിലും സാങ്കേതിക കാരണത്താൽ ഇത് ഉപയോഗിക്കാൻ കഴിയാറില്ല. വാർഡുകളിൽ നിന്നും പോകേണ്ട രോഗികൾക്ക് ആംബുലൻസ് ആവശ്യമായി വന്നാൽ നഴ്സിംഗ് അസിസ്റ്റൻഡ്് അത്യാഹിതവിഭാഗത്തിലെത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് നിയമം.വാർഡിലെ തിരക്കു കാരണം നഴ്സിംഗ് അസിസ്റ്റൻഡുമാർ ഇതിന് തയ്യാറാകാറില്ല.
ഇതോടെ പുറത്തുള്ള ആംബുലൻസ് വിളിക്കുകയോ സ്ട്രച്ചറിൽ വെയിലത്ത് രോഗിയെയും കൊണ്ടുപോകുകയോ അല്ലാതെ നിവൃത്തിയില്ല. ആംബുലൻസാകട്ടെ പലപ്പോഴും മരുന്നുകൾ എത്തിക്കാനും തുണികളോ, ബെഡ്ഷീറ്റോ കൊണ്ട്പോകാനുമായിഉപയോഗിക്കുകയാണിപ്പോൾ.സൂപ്പർ സ്പെഷ്യാലിറ്റിയും പ്രധാനകെട്ടിടവും ബന്ധിപ്പിക്കുന്നതിനായി മേൽകൂരയോടുകൂടിയ വരാന്ത നിർമിക്കുകയാണെങ്കിൽ വെയിൽകൊള്ളാതെ രോഗികളെ കൊണ്ടുപോകാൻ കഴിയും.