കോഴിക്കോട്: വർഷങ്ങൾ നീണ്ട അനിശ്ചിതത്തിനൊടുവിൽ പ്രവർത്തനസജ്ജമായ കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കാൻ ഗതാഗത മന്ത്രിയുടെ ഉത്തരവ്.
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്.
കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി.
നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം. നിർമാണത്തിൽ അപാകതയുണ്ടെന്ന പരാതിയെ തുടർന്നാണ് ചെന്നൈ ഐഐടി പഠനം നടത്തിയത്.
ഐഐടിയിലെ സ്ട്രക്ചറൽ എന്ജിനീയറിംഗ് വിദഗ്ധൻ അളകപ്പ സുന്ദരത്തിന്റെ നേതൃത്വത്തിലുള്ള പഠനത്തിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കെട്ടിടം ഉടൻ ബലപ്പെടുത്തണമെന്ന് സംഘം ശിപാർശ ചെയ്തു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തിയത്. കെട്ടിടം ഒരുമാസത്തിനകം ഒഴിപ്പിക്കും. തുടർന്ന് ബലപ്പെടുത്തലിനുള്ള നിർമാണ പ്രവൃത്തികൾക്കായി പുതിയ ടെന്ഡര്വിളിക്കും.
75 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്. ബലപ്പെടുത്താൻ 30 കോടി രൂപ കൂടി ചെലവിടാനുള്ള നീക്കത്തിൽ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം.