മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ സ്വകാര്യബസ് സർവീസുകൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ റൂട്ടിലോടുന്ന പത്തോളം സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചു. അമിത ഡീസൽ വിലവർധന, റോഡ് ടാക്സ് എന്നിവയാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമാകുന്നതെന്നു ബസുടമകൾ പറയുന്നു.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരാണ് കോഴിക്കോട്-പാലക്കാട് റൂട്ടിൽ യാത്ര ചെയ്യുന്നത്. ഇൻഷ്വറൻസ്, ടാക്സ്, ഡീസൽ എന്നിവയുടെ വർധനയാണ് ഈ മേഖലയുടെ തകർച്ചയ്ക്കു കാരണമെന്നും പറയുന്നു.
ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിൽപെട്ട ബസുകളാണ് പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്നത്. ഇടുങ്ങിയ റോഡായ പാലക്കാട്-കോഴിക്കോട് റോഡിലൂടെ സമയമെടുത്ത് ഓടിയെത്തുവാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.
നിലവിൽ 40 ശതമാനത്തിലേറെ സ്വകാര്യബസുകളുടെ കുറവുവന്നിട്ടുണ്ട്. പുതിയ ബസുകൾ ഇറങ്ങുന്നുമില്ല.
രാവിലെമുതൽ രാത്രി വൈകുംവരെ സർവീസ് നടത്തിയാലും ഉടമകൾക്ക് ആയിരം രൂപപോലും കിട്ടുന്നില്ലത്രേ. ഡീസൽവില വർധനയും ദീർഘദൂര ബസുകളെ ഏറെ ബാധിക്കുന്നുണ്ട്.
ലക്കാടുനിന്നും കോഴിക്കോട്ടേയ്ക്ക് 140-ഓളം കിലോമീറ്റർ ദൂരമാണുള്ളത്. സ്വകാര്യ ബസുകൾ കുറഞ്ഞു വരുന്നത് മൂലം വരുംകാലങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്ക് പൂർണമായും കെഎസ്ആർടിസിയെ ആശ്രയിക്കേണ്ടിവരും. സ്വകാര്യബസുകൾ കുറയുന്നതോടെ നിരവധിപേരുടെ തൊഴിലും നഷ്ടമാകും.