സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തിന് നാണക്കേടായി കോഴിക്കോട്ടെ കൂട്ടമാനഭംഗം.യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നതായി വ്യക്തമായി. യുവതിക്ക് ശ്വാസ തടസവുമുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായി.
ഇന്നലെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. അത്തോളി കൊളിയോട്ടു താഴം കവലയില്‍ മീത്തല്‍ സ്വദേശികളായ അജ്നാസ്(39) ഇടത്തില്‍ താഴ നെടുവില്‍ പൊയില്‍ എന്‍.പി.ഫഹദ്(36) നിജാസ്(34) സുഹൈബ്(39) എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇവരെ തലയാട് വനത്തിനുള്ളില്‍നിന്നും പിടികൂടിയത്.
അജ്നാസിനെയും ഫഹദിനെയുപിടികൂടിയതോടെ ഇവര്‍ അവിടെ ഒളിച്ചുതാമസിക്കുകയായിരുന്നു.എസിപി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട നാലുപേരും അറസ്റ്റിലായി.
ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
പോലീസ് പറയുന്നു: ഊഴം കാത്ത് പീഡിപ്പിച്ചു
കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്കി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. അജ്നാസ് യുവതിയെ ടിക് ടോക്ക് വഴിയാണ് പരിചയപ്പെട്ടത്.
പിന്നീട് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി. ട്രെയിനിലാണ് യുവതി കോഴിക്കോട്ടെത്തിയത്. കാറിലാണ് ഫ്ളാറ്റിലെത്തിച്ചത്. പിന്നീട് നാലുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
അദ്യം അജ്നാസ് കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു. പിന്നീട് മറ്റുള്ളവരും പീഡിപ്പിച്ചു. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
പെണ്‍കുട്ടിക്ക് ബോധക്ഷയമുണ്ടായതോടെ പ്രതികള്‍ ആശുപത്രിയില്‍ എത്തിച്ച് കടന്നുകളഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചു.
നാലുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. അജ്നാസാണ് മൂഖ്യ ആസൂത്രകന്‍ എന്നാണ് പോലീസ് പറയുന്നത്.
സംഭവസമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്.യുവതിക്കും മദ്യവും മയക്കുമരുന്നും നല്കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനമെന്ന് എസിപി കെ.സുദര്ശന് പറഞ്ഞു.
യുവതി ആശുപത്രിയിലായ ശേഷം ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.