കോഴിക്കോട്: സ്ത്രീയുമൊത്ത് ഹോട്ടലില്‍ മുറിയെടുത്ത് ആള്‍മാറാട്ടം നടത്തിയ കേസില്‍ ശിക്ഷാനടപടിയുടെ ഭാഗമായി കോഴിക്കോടുനിന്നു സ്ഥലം മാറ്റിയ എഎസ്ഐയെ കമ്പളക്കാട് സ്റ്റേഷനിൽനിന്ന് വീണ്ടും കോഴിക്കോട് നഗരത്തിലേക്കു മാറ്റി.
വയനാട് എസ്പി പദം സിംഗാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. നേരത്തെ ശിക്ഷാ നടപടിയുടെ ഭാഗമായി വയനാട്ടിലേക്ക് മാറ്റി മൂന്നാംനാൾ കോഴിക്കോട്ട് തന്നെ തിരിച്ചെത്തിയിരുന്നു.
അന്ന് സിറ്റി ട്രാഫിക് സ്റ്റേഷനിലേക്കായിരുന്നു മാറ്റം. വിവാദമായതോടെ പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചു.നേരത്തെ നഗരത്തിൽ പല സ്റ്റേഷനുകളിലായി വിവിധ സം ഭവങ്ങളിലായി എഎസ്ഐക്കെതിരേ വകുപ്പുതല അന്വേഷണം നടന്നിരുന്നു.
സ്ത്രീയുമായി ഹോട്ടലിൽ മുറിയെടുത്ത് 3,000 രൂപയുടെ മുറിക്ക് 1,000 രൂപ നൽകി ടൗൺ എസ്ഐയാണെന്ന് പറഞ്ഞ് മുങ്ങിയെന്ന ഹോട്ടലുടമയുടെ പരാതിയിലാണ് പോലീസു കാരനെ വയനാട്ടിലേക്ക് മാറ്റിയിരുന്നത്.
മേയ് 10ന് ആയിരുന്നു ഹോട്ടലിൽ എഎസ്ഐ സ്ത്രീയുമൊത്ത് ആൾമാറാട്ടം നടത്തി മുറിയെടുത്തതും മുഴുവൻ പണം നൽകാതെ മുങ്ങിയതും.
മുമ്പും പലതവണ ഇതേ എഎസ്ഐക്കെതിരേ റിപ്പോർട്ടുകൾ വന്നിരുന്നു. അസി. കമ്മീഷണറെ മദ്യപിച്ച് ചീത്ത പറഞ്ഞതിനാണ് രണ്ടു വർഷം മുമ്പ് എഎസ്ഐക്കെതിരേ ആദ്യനടപടിയുണ്ടാകുന്നത്.