കോഴിക്കോട്: കൊലവിളിയുമായി സര്വീസ് നടത്തുന്ന സ്വകാര്യ ബസുകള് യാത്രക്കാരെ ഇറക്കുന്നത് നടുറോഡില് . തിരക്കേറിയ ജംഗ്ഷനുകളിലും നഗരത്തിലെ തിരക്കുള്ള റോഡുകളിലുമാണ് അപകടകരമാം വിധത്തില് ബസുകളില് നിന്ന് യാത്രക്കാര് നടുറോഡിലിറങ്ങുന്നത്. ബസ്റ്റോപ്പുകളിലല്ലാതെ യാത്രക്കാരെ ഇറക്കുന്നത് മുന്കാലങ്ങളില് ശ്രദ്ധയില്പെട്ടാല് പോലീസ് നടപടി സ്വീകരിക്കാറുണ്ടായിരുന്നു. എന്നാല് കണ്മുന്നില് ഇത്തരം നടപടികള് കണ്ടാല് പോലും ഇപ്പോള് നടപടി സ്വീകരിക്കുന്നില്ല.
എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് പതിവായി സ്വകാര്യബസില് നിന്ന് നടുറോഡില് യാത്രക്കാരെ ഇറക്കുന്നത്. ബാലുശേരി, നന്മണ്ട ഭാഗങ്ങളില് നിന്ന് വരുന്ന ബസുകള് സിഗ്നല് ചുവപ്പായാല് നടുറോഡില് നിര്ത്തി യാത്രക്കാരെ ഇറക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും യാത്രക്കാര് മറ്റു വാഹനങ്ങള്ക്കു മുന്നിലേക്കാണ് ഇറങ്ങുന്നത്. ഇത് അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. കൂടാതെ യാത്രക്കാര്ക്ക് ഇറങ്ങുവാന് വേണ്ടി ബസിന്റെ വാതില് തുറക്കുമ്പോഴും അപകടം സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനയാത്രക്കാരന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ബസിന് സമീപത്തു കൂടി കടന്നുവന്ന ബൈക്കിനെ ശ്രദ്ധിക്കാതെയാണ് ബസ് ജീവനക്കാരന് വാതില് തുറന്നത്. വാതില് തുറക്കുന്നത് ശ്രദ്ധയില്പെട്ട ബൈക്ക് യാത്രികന് സമീപത്തുകൂടി കടന്നുവരികയായിരുന്ന കാറിനു മുന്നിലേക്കാണ് ബൈക്ക് വെട്ടിച്ചത്. അപകടത്തില് നിന്ന് തലനാരീഴയ്ക്ക് ബൈക്കുകാരന് രക്ഷപ്പെട്ടത് ശ്രദ്ധയില്പെട്ടവര് ബസ് ജീവനക്കാരുമായി തര്ക്കത്തിലായി. ബസില് നിന്നിറങ്ങിയ യാത്രക്കാര് ബസ് ജീവനക്കാര്ക്കനുകൂലമായാണ് സംസാരിച്ചത്. ഇതിനെതിരേ ഏറെനേരം വാക്കേറ്റമുണ്ടായി.
നടുറോഡില് ഇറങ്ങുന്ന യാത്രക്കാര് ഫുട്പാത്തില് കയറാതെ റോഡിലൂടെ തന്നെ നടക്കുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നുണ്ട്. ജംഗ്ഷനായതിനാല് റോഡില് നിന്ന് ഫുട്പാത്തിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം ഒരുക്കിയിട്ടില്ല. അപകട സാധ്യത മുന്നിര്ത്തിയാണ് ഫുട്പാത്തിലെ കൈവരി സ്ഥാപിച്ചത്. എന്നാല് ഇത്തരം അപകട സാധ്യതകളൊന്നും തന്നെ ബസ് ജീവനക്കാരും നടുറോഡിലിറങ്ങുന്ന യാത്രക്കാരും ശ്രദ്ധിക്കുന്നില്ല.
എരഞ്ഞിപ്പാലത്ത് പതിവായി ഒരു ട്രാഫിക് പോലീസും ഹോംഗാര്ഡുമാണുണ്ടാവാറുള്ളത്. രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലും ഇപ്രകാരം ജംഗ്ഷനില് ആളെ ഇറക്കുന്നത് അനുവദിക്കരുതെന്നാണ് നാട്ടുകാരും മറ്റുള്ള വാഹനയാത്രികരും പറയുന്നത്. എരഞ്ഞിപ്പാലത്തിന് പുറമേ ക്രിസ്ത്യന്കോളജ് ജംഗ്ഷന് , പാളയം ജംഗ്ഷന് , മാവൂര്റോഡ് ജംഗ്ഷന് എന്നിവിടങ്ങളിലെല്ലാം സിഗ്നലില്നടുറോഡിലാണ് ആളെ ഇറക്കുന്നത്.
നിയമലംഘനത്തിന്റെ ബ്ലാക്ക് സ്പോര്ട്ട്
അപകടങ്ങളും മരണങ്ങളും ഏറെ സംഭവിച്ച ഭാഗമാണ് നഗരത്തിലെ എരഞ്ഞിപ്പാലം ജംഗ്ഷന് . ഇക്കാരണത്താല് തന്നെ ട്രാഫിക് പോലീസും എരഞ്ഞിപ്പാലം ജംഗ്ഷനില് മുമ്പ് ഏറെ ശ്രദ്ധചെലുത്തിയിരുന്നു. എന്നാല് ഇപ്പോള് അപകടം നടക്കുമ്പോള് മാത്രം ജാഗ്രത പുലര്ത്തുന്നതല്ലാതെ കാര്യക്ഷമമായ നടപടികള് സ്വീകരിക്കുന്നില്ലെന്നാണ് പോലീസിനെതിരേ ഉയരുന്ന ആരോപണം.
സിഗ്നല് പരസ്യമായി ലംഘിച്ചുകൊണ്ടാണ് വാഹനങ്ങള് എരഞ്ഞിപ്പാലം ജംഗ്ഷനിലൂടെ കടന്നുപോവുന്നത്. രാവിലെയാണ് ഏറ്റവും കൂടുതല് നിയമലംഘനം നടക്കുന്നത്. റെഡ് ലൈറ്റ് ജംപിങ്ങാണ് കൂടുതലായുമുണ്ടാവാറുള്ളത്. പച്ച സിഗ്നല് മാഞ്ഞ് ഓറഞ്ച് സിഗ്നലും ചുവപ്പ് സിഗ്നലുംതെളിഞ്ഞാലും സ്വകാര്യ ബസുകള് ഉള്പ്പെടെ അപകടകരമാം വിധത്തില് റോഡിന് കുറുകെ കടക്കുന്നത് പതിവാണ്.
ആളനക്കമില്ലാതെഫുട്പാത്ത്
എരഞ്ഞിപ്പാലം -കാരപ്പറമ്പ് റോഡില് ഏറെ സൗകര്യത്തോടെ കാല്നടയാത്രക്കാര്ക്കായി നിര്മിച്ച ഫുട്പാത്തില് “ആളില്ല’. കാല്നടയാത്രക്കാര് പലപ്പോഴും റോഡിലിറങ്ങിയാണ് നടക്കുന്നത്. ഗതാഗതകുരുക്കും തിരക്കേറിയതുമായി റോഡിലൂടെ കാല്നടയാത്രക്കാര് കൂടി നടക്കുന്നതോടെ വാഹനയാത്രികര് ദുരിതത്തിലാവും. ഇന്റര്ലോക്ക് പതിച്ച് വൃത്തിയായുള്ള ഫുട്പാത്തുണ്ടായിട്ടും കാല്നടയാത്രക്കാര് ഇത് ഉപയോഗിക്കുന്നത് കുറവാണെന്നാണ്
പറയുന്നത്.