കോഴിക്കോട്: യാത്രക്കാരെ വെല്ലുവിളിച്ച് സർവീസ് നടത്തുന്നത് സ്വകാര്യ ബുസുകളുടെ സ്ഥിരം പരിപാടിയാണ്. എത്ര പേരെ കൊന്നിട്ടായാലും തങ്ങൾക്ക് കളക്ഷൻ ലഭിക്കണമെന്ന മനോഭാവത്തോടെയാണിവർ നഗര വിഥിയെ ‘റേസിംഗ് ട്രാക്ക്’ ആക്കി മാറ്റാറുള്ളത്. ഹോൺ മുഴക്കിയും ആക്സിലേറ്ററിൽ കാൽ അമർത്തി ഇരന്പിച്ചും സ്വകാര്യ ബസുകൾ മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി മുന്നോട്ട് നീങ്ങുന്നത് നഗരത്തിലെ പതിവ് കാഴ്ച്ചയിലൊന്നാണ്.
ഇതിനെല്ലാം പുറമെ യാത്രക്കാർക്ക് ബസിനുള്ളിൽ സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം പോലും ഇവർ നിഷേധിക്കുകയാണ്. അടിക്കടി ബസ് ചാർജ് വർധിപ്പിക്കാനായി സമരം നടത്തുന്നവർ യാത്രക്കാർക്ക് ഒരുക്കേണ്ട അടിസ്ഥാന സുരക്ഷയെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. പൊട്ടിപ്പൊളിഞ്ഞ പ്ലാറ്റ് ഫോമുകൾ പോലും താത്കാലികമായി ഓട്ടയടച്ച് സർവീസ് നടത്തുന്ന ബസുകൾ നിരവധിയാണ് നഗരത്തിൽ.
ഇത്തരത്തിൽ നിയമത്തെ വെല്ലുവിളിച്ച് കമ്മീഷണർ ഓഫീസിന് മുന്നിലൂടെ ചീറിപ്പായുന്ന ഒരു ബസാണ് ഗോദീശ്വരം-മെഡിക്കൽ കോളജ് റൂട്ടിലോടുന്ന ഗ്രീൻ പാലസ് എന്ന ബസ്. ബസിന്റെ അകത്തെ പ്ലാറ്റ് ഫോം പൊട്ടി അടർന്നതിനാൽ യാത്രസൂചക ബോർഡിൽ ആണി അടിച്ച് താത്കാലികമായി പൊളിഞ്ഞ ഭാഗം മറച്ചാണ് ബസ് സർവീസ് നടത്തുന്നത്. ബസിന്റെ പ്ലാറ്റ്ഫോമിന് മുകളിലൂടെ ബോർഡ് ആണി അടിച്ച് ഉയർത്തിവച്ചതിനാൽ യാത്രക്കാർ പലപ്പോഴും ഇതിൽ തട്ടി വീഴുന്നു .
സിറ്റിയിലൂടെ സർവീസ് നടത്തുന്ന ബസിൽ രാവിലെയും വൈകുന്നേരവും വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. തിരക്കേറിയ സമയത്ത് താത്കാലികമായി അടച്ച പ്ലാറ്റ്ഫോമിൽ തട്ടി പരിക്കേൽക്കുന്നവർ നിരവധിയുണ്ടെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. ബസ് തൊഴിലാളികളോട് പരാതി പറഞ്ഞാലോ പുച്ഛത്തോടെയുള്ള മറുപടി മാത്രമാണ് ലഭിക്കുക. തങ്ങൾ എന്ത് ചെയ്താലും ആരും ചോദിക്കില്ലെന്ന അഹങ്കാരത്തോടെയാണ് ബസ് തൊഴിലാളികൾ പെരുമാറുന്നതെന്നും യാത്രക്കാർ പറയുന്നു.
സിറ്റിയിൽ സർവീസ് നടത്തുന്ന മറ്റു ബസുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. മഴ പെയ്താൽ ചോർന്നൊലിക്കുന്ന നിരവധി ബസുകൾ നഗരത്തിൽ സർവീസ് നടത്തുന്നുണ്ട്. കനത്ത മഴ പെയ്താൽ ചില ബസിനകത്തും കുട പിടിച്ചിരിക്കേണ്ട അവസ്ഥയാണ്.
ശക്തമായ മഴയിൽ അടിമുടി നനഞ്ഞാണ് യാത്രക്കാർ ബസിൽ യാത്ര ചെയ്യുന്നത്. രാവിലെ ഓഫീസിലേക്ക് ജോലിക്ക് പോകുന്നവർ ബസിൽ കയറുന്നതോടെ നനഞ്ഞ് കുളിക്കുന്നത് പതിവാണ്. ചില ദിവസങ്ങളിൽ അടിവസ്ത്രം വരെ നനയുന്ന സ്ഥിതിയാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ഭൂരിഭാഗം ബസുകളിലെ വിൻഡോ ഷട്ടറുകളും കീറിപ്പറിഞ്ഞ നിലയിലാണ്. കീറിയ ഷീറ്റിനുള്ളിലൂടെ വെള്ളം ബസിനകത്ത് എത്തുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കന്നുണ്ട്.