കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഭർതൃമതി ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളെ പോലീസ് പ്രതി ചേർത്തു.
അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമായതിനിടെ ഷബ്നയുടെ ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പോലീസ് പ്രതി ചേർത്തത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. നിലവിൽ ഇവർ ഒളിവിലാണ്.
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സമ്മർദങ്ങൾക്കു വഴങ്ങി അന്വേഷണം അട്ടിമറിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഷബ്നയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ സൂചന നൽകിയതിനിടെ ഇന്നലെ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീവേദിയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഷബ്നയുടെ വീട് സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ കർശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായിരിക്കുന്നത്. ഷബ്നയ്ക്ക് ഭർതൃവീട്ടിൽ വച്ചുണ്ടായ ദുരനുഭവങ്ങൾ മകൾ പോലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയിരുന്നു.
വനിതാ കമ്മീഷനും കൂടി ഇടപെട്ടതോടെ പോലീസ് ഷബ്നയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. ഷബ്നയെ മർദിച്ച ഭർത്താവിന്റെ അമ്മാവൻ ഹനീഫയെ മാത്രമാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മറ്റ് ബന്ധുക്കളെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ വിമർശനം.