സ്വന്തം ലേഖകന്‍
കോഴിക്കോട്: സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ചില്‍ ഉപയോഗിക്കുന്ന സിം ബോക്സുകൾ കേരളത്തിലേക്കു കടത്തിയതിനെക്കുറിച്ച് സി-ബ്രാഞ്ചും ബംഗളൂരു തീവ്രവാദ വിരുദ്ധ സെല്ലും (എടിസി)യും അന്വേഷിക്കുന്നു. ചൈനീസ് നിര്‍മിതമായ സിംബോക്സുകള്‍ ബംഗളൂരു വഴിയാണു കേരളത്തിലേക്കു കടത്തിയത്.
26 സിം ബോക്സുകളും 25 റൂട്ടേഴ്സും 730 സിം കാര്‍ഡുകളുമാണ് കോഴിക്കോട്ടു നിന്നു പിടികൂടിയത്. ഇതിനു പുറമേ കൂടുതല്‍ സിം ബോക്സുകള്‍ ബംഗളൂരുവില്‍ നിന്നു കേരളത്തിലേക്കു കടത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.
കോഴിക്കോടിനു പുറമേ മറ്റിടങ്ങളിലും സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സി-ബ്രാഞ്ച് അന്വേഷണസംഘം സംശയിക്കുന്നത്. എന്നാല്‍ എവിടെയെല്ലാമാണെന്നതു വ്യക്തമല്ല.
കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് സി ബ്രാഞ്ച് സംഘം ബംഗളൂരുവില്‍ എത്തിയിരുന്നു. സംഘം ബംഗളൂരു എടിസിയെ അന്നുതന്നെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്ടു സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിച്ചതിനു പിന്നിലുള്ള സംഘത്തിന് ബംഗളൂരുവില്‍ കഴിഞ്ഞ മാസം പിടിയിലായ സംഘാംഗങ്ങളുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം.