പാലാ: ഫാമില്‍ വളര്‍ത്താനായി എത്തിച്ച ഒരു ദിവസം പ്രായമുള്ള 625 കോഴിക്കുഞ്ഞുങ്ങളെ അജ്ഞാതജീവി കടിച്ചുകൊന്നു. ഏഴാച്ചേരി പള്ളിയാരടി സജിയുടെ ഫാമിലെ കോഴിക്കുഞ്ഞുങ്ങളെയാണ് കടിച്ചുകൊന്നത്.
മരപ്പട്ടിയോ കാട്ടുപൂച്ചയോ ആണെന്നാണ് ഉടമ സജി പറയുന്നത്. ഞായറാഴ്ച വൈകുന്നേരമാണ് കോഴിക്കുഞ്ഞുങ്ങളെ സജിയുടെ ഫാമില്‍ എത്തിച്ചത്.
പുലര്‍ച്ചെ അഞ്ചോടെ സജി കോഴിക്കുഞ്ഞുങ്ങളെ ഇട്ടിരിക്കുന്ന ഷെഡിനുള്ളില്‍ എത്തിയപ്പോഴാണ് ഏതോജീവി കുഞ്ഞുങ്ങളെ കടിച്ചുകൊല്ലുന്നത് കണ്ടത്. സജി എത്തിയപ്പോള്‍ ഈ ജീവി ഷെഡിന്റെ പുറത്തേക്ക് കടക്കുകയായിരുന്നു. വ്യക്തമായി കാണാന്‍ സാധിച്ചില്ല.
ഹാച്ചറിയില്‍ വിരിഞ്ഞ കോഴിക്കുഞ്ഞുങ്ങളെ ഫാമിലെത്തിച്ച് വളര്‍ത്തി നൽകുകയാണ് സജി. ഇത്തരത്തില്‍ വ്യാപാരം നടത്തുന്ന സംഘത്തില്‍നിന്നാണ് സജിയുടെ ഫാമില്‍ കുഞ്ഞുങ്ങളെ എത്തിക്കുന്നത്.
ഒരു കുഞ്ഞിന് 45 രൂപ വില വരും. 28000 രൂപയുടെ നഷ്ടമുണ്ടായി. തകിടുകൊണ്ട് മറച്ച വളയങ്ങള്‍ക്കുള്ളില്‍ കോഴിക്കുഞ്ഞുങ്ങളെ ലൈറ്റിട്ട് ചൂടു നല്‍കിയാണ് സംരക്ഷിച്ചിരുന്നത്.
ഷെഡിന്റെ തറനിരപ്പില്‍നിന്ന് നാലടിയോളം ഉയരത്തില്‍ ഇരുമ്പുവലകളുണ്ട്. ഇതിനു മുകളില്‍ ആറടിയോളം ഉയരത്തില്‍ പ്ലാസ്റ്റിക് വലയാണ് ഷെഡിന് മറയായി ഉപയോഗിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് വല കടിച്ചു മുറിച്ചാണ് അജ്ഞാതജീവി അകത്തുകടന്നിരിക്കുന്നത്.