പെരിന്തൽമണ്ണ: കോഴിമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ടു . ഏക്കർ കണക്കിന് സ്വകാര്യഭൂമിയിലാണ് വർഷങ്ങളായി കോഴിമാലിന്യം സംസ്കരിച്ചു കൊണ്ടിരിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് വാഹനങ്ങളിൽ മാലിന്യം എത്തുന്നത്. വടക്കാങ്ങര പിലാപറന്പ്, കണ്ടംപറന്പ് ഇരട്ടക്കുളത്താണ് സ്വകാര്യവ്യക്തിയുടെ സമ്മതത്തോടെ വർഷങ്ങളായി കോഴി മാലിന്യം തള്ളുന്നത്.
കഴിഞ്ഞ ദിവസം രാത്രി എത്തിയ വാഹനം നാട്ടുകാർ കാവലിരുന്ന് സംഘടിച്ചെത്തി തടയുകയായിരുന്നു. നൂറുക്കണക്കിന് വീടുകളും ചെങ്കൽ ക്വാറികളും സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടം.
തെരുവ് നായ ശല്യം പ്രദേശത്തു രൂക്ഷമാണ്. ദുർഗന്ധം വമിക്കുന്ന രീതിയിൽ മാലിന്യം തള്ളുന്നത് സ്ഥിരമായതോടെയാണ് പ്രതിഷേധം ഉയർന്നത്. തുടർന്നുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് വാഹനം മാലിന്യക്കുഴിയിലേക്ക് നാട്ടുകാർ തള്ളിയിട്ടത്. വടക്കാങ്ങര കിഴക്കേക്കുളന്പ്, രാമപുരം പിലാപറന്പ് റോഡുകളിലൂടെയാണ് മാലിന്യലോഡുകൾ എത്തുന്നത്. ഇവിടങ്ങളിൽ നാട്ടുകാർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.