ചങ്ങനാശേരി: എംസി റോഡിൽ കോഴിക്കടയിലെ മാലിന്യം തള്ളുന്നതിനു പരിഹാരമില്ല. വ്യാഴാവ്ച രാത്രിയിലാണ് ഇടിഞ്ഞില്ലത്തിനു സമീപം എംസി റോഡിൽ കോഴിക്കടയിലെ മാംസാവിശിഷ്ടങ്ങൾ റോഡിലും പരിസരങ്ങളിലുമായി തള്ളിയത്.
ചങ്ങനാശേരിയിൽ നിന്നു കോട്ടയംവരെയുള്ള ഭാഗങ്ങളിൽ ഇത്തരത്തിൽ മാലിന്യം തള്ളുന്നത് പതിവു സംഭവമായിരിക്കുകയാണ്. രാത്രിയിൽ പോലും പോലീസ് പെട്രോളിംഗ് ഉള്ളിടത്താണ് ഇത്തരത്തിൽ അതിക്രമം നടക്കുന്നത്.
കഴിഞ്ഞ ദിവസം ചങ്ങനാശേരി ബൈപാസ് റോഡിന്റെ ളായിക്കാട് ഭാഗത്ത് കോഴിക്കടയിലെ മാലിന്യം തള്ളിയിരുന്നു.കോഴിത്തലയും കാലുകളും ചിറകുകളും ഉൾപ്പടെ ദുർഗന്ധം വമിക്കുന്ന മാലിന്യമാണ് സാമൂഹിക വിരുദ്ധർ തള്ളുന്നത്.
മഴവെള്ളത്തിൽ മാലിന്യം റോഡിലൂടെ ഒഴുകിയത് വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആ വഴിക്ക് പോലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധ തിരിഞ്ഞതോടെയാണ് റോഡരുകിൽ കോഴിമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും തള്ളുന്നത് വ്യാപകമായത്.
റോഡരുകിൽ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധ സംഘങ്ങളെ പിടികൂടാൻ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.