കോഴിക്കോട്: കോഴിമാലിന്യം കടലിൽ തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. ഇന്നലെ രാവിലെ സൗത്ത് ബീച്ചിലെ ലോറി ഏജന്റ് ഓഫീസിന് സമീപമാണ് സംഭവം. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇടപെടുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
കൊണ്ടോട്ടിയിൽ നിന്നാണ് മാലിന്യം എത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. വാഹനത്തിലെത്തുന്നവർ സൗത്ത് ബീച്ചിൽ മാലിന്യം തള്ളുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. കടലിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ നാട്ടുകാർ രംഗത്തുണ്ടെങ്കിലും രാത്രിയുടെ മറവിലും മറ്റുമാണ് മാലിന്യം തള്ളുന്നത്.
കടലിൽ മാലിന്യം തള്ളുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോർപറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചതായി നാട്ടുകാർ പറഞ്ഞു. ലോറി പിന്നീട് കോർപറേഷൻ അധികൃതർ നീക്കം ചെയ്തു.