മണ്ണാർക്കാട്: തച്ചനാട്ടുകരയിൽ കോഴിയിട്ട വാലുള്ള മുട്ട കൗതുകമായി. തച്ചനാട്ടുകര തെക്കുംമുറി കൃഷ്ണൻകുട്ടിയുടെ വീട്ടിലെ കോഴിയാണ് വാലുള്ള മുട്ടയിട്ടത്. തിരുത്തിൽ കൃഷ്ണൻകുട്ടിയും ഭാര്യ കുഞ്ഞിലക്ഷ്മിയും വീട്ടിൽ വളർത്തുന്ന കോഴിയാണിത്.
കഴിഞ്ഞദിവസം വീട്ടുകാർ കോഴിക്കൂട് പരിശോധിച്ചപ്പോഴാണ് കോഴി ആദ്യമായി ഇട്ട മുട്ടയുടെ ഒരുവശത്ത് നാലു സെന്റിമീറ്ററോളം നീളമുള്ള വാലുപോലെ നീണ്ടഭാഗം കണ്ടത്.
സാധാരണ രീതിയിലുള്ള ദൃഢമായ കവചത്തിനു പകരമം നേർത്ത ആവരണമായിരുന്നു മുട്ടയ്ക്കുണ്ടായിരുന്നത്. കാൽസ്യത്തിന്റെയോ പ്രോട്ടീന്റെയോ കുറവുമൂലമായിരിക്കാം ഇങ്ങനെ വരാൻ സാധ്യതയെന്നു വെറ്ററിനറി ഡോക്ടർമാർ പറഞ്ഞു.
സോഫ്റ്റ് ഷെൽ എഗ്ഗ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. വിചിത്രമായ മുട്ട കാണാനും ഫോട്ടോയെടുക്കാനും സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാനുമായി നിരവധിപേർ വീട്ടിലെത്തിയെന്ന് കൃഷ്ണൻകുട്ടിയുടെ മകൻ സുർജിത്ത് പറഞ്ഞു.
നേർത്ത ആവരണമായതിനാൽ വീട്ടുകാർ മുട്ട കോഴിക്കൂട്ടിൽ വയ്ക്കാതെ കുപ്പിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറുമാസങ്ങൾക്കുമുന്പ് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിൽ നിന്നാണ് ഇവർക്ക് കോഴികളെ ലഭിച്ചത്.