കൊച്ചി: കോഴിയുടെ വില കിലോയ്ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി. ഓൾ കേരള പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷനാണു ഹർജി നൽകിയത്. ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി.
ധനമന്ത്രിയുടെ നിർദേശം ചെറുകിട കോഴിക്കച്ചവടക്കാർക്ക് പ്രതിദിനം 1000 രൂപയുടെ നഷ്ടമുണ്ടാക്കുമെന്നു ഹർജി പറയുന്നു. ഫാമുകളിൽ കോഴിയെ വിൽക്കുന്നത് കിലോയ്ക്ക് 87 രൂപ നിരക്കിലാണ്. സർക്കാർ ഫാമുകളിൽ പോലും ഇതാണ് സ്ഥിതി. കടകളിലെത്തുന്പോൾ കിലോയ്ക്ക് 125 രൂപ വരെയാകും.
ഈ സാഹചര്യത്തിൽ 87 രൂപ നിരക്കിൽ കോഴിക്കച്ചവടം നടത്തണമെന്നു പറയുന്നത് അന്യായമാണ്. കോഴിയുടെ വില ഉയർന്നുനിൽക്കുന്നത് ലഭ്യതയിലുണ്ടായ കുറവുകൊണ്ടാണെന്നും ഹർജിയിൽ പറയുന്നു. ജിഎസ്ടി നിലവിൽ വരുന്നതിന് മുൻപു 15 രൂപ നികുതിയടക്കം 102 രൂപയായിരുന്നു കോഴി വില. നികുതി ഇല്ലാതായതിനെത്തുടർന്നാണു വില 87 രൂപയായി കുറയ്ക്കാൻ ധനമന്ത്രി നിർദേശിച്ചത്.