അന്ധകാരനഴി: ദിവസവും നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന അന്ധകാരനഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ വൻ തോതിൽ മാലിന്യങ്ങൾ തള്ളുന്നു. കോഴി മാംസ വ്യാപാര കേന്ദ്രങ്ങളിൽ നിന്നുള്ളതും, ഇറച്ചിക്കടകളിലേയും മറ്റു വ്യാപാര കേന്ദ്രങ്ങളിലേയും മാലിന്യങ്ങളാണ് വൻതോതിൽ വിനോദസഞ്ചാരകേന്ദ്രത്തിന്റെ കടൽ തീരത്ത് കൊണ്ടുവന്ന് തള്ളുന്നത്. ഈ പ്രദേശത്തെ വീടുകളിൽ നിന്നുള്ള മാലിന്യങ്ങളും തീരത്ത് കുഴിയുണ്ടാക്കി തള്ളുന്നുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾ മാലിന്യങ്ങളുടെ ദുർഗന്ധം സഹിക്കാനാവാതെ തിരികെ പോകുകയാണ്. ഇവിടെ പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
അന്ധകാരനഴി വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് പാർക്കിങ്ങ് ഫീസായും മറ്റു രീതികളിലും പണം പിരിക്കുന്ന പട്ടണക്കാട് പഞ്ചായത്ത് അധികൃതർ ഇവിടുത്തെ മാലിന്യം നീക്കം ചെയ്യുവാനോ മാലിന്യം തള്ളാതിരിക്കുവാനുള്ള നടപടിയോ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.