ആലപ്പുഴ: കോവിഡ് ഭീതിക്കൊപ്പം ജില്ലയിൽ ആശങ്ക പകരും വിധം എലിപ്പനി ബാധിതരുടെ എണ്ണവും വർധിക്കുന്നു. കുട്ടനാട്ടിൽ കഴിഞ്ഞ ദിവസം രണ്ടുപേരുടെ ജീവനാണ് എലിപ്പനി കവർന്നത്.
കൂലിപ്പണിക്കാരനായ നെടുമുടി സ്വദേശി കൃഷ്ണബാബുവും കടത്തുകാരൻ കൈനകരി ചേന്നങ്കരി സ്വദേശി തോമസ് കോശിയുമാണ് മരിച്ചത്.
ഒക്ടോബർ ഒന്നിന് റിപ്പോർട്ട് ചെയ്ത മൂന്നുപേരിൽ രണ്ടുപേർ മരിച്ചു. സെപ്റ്റംബറിൽ മാത്രം 26 പേർക്കാണ് എലിപ്പനി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ഇതുവരെ 65 പേർക്ക് രോഗം പിടിപെട്ടു. 12 എലിപ്പനി മരണവും റിപ്പോർട്ടും ചെയ്തു. ആറു ഡെങ്കിപ്പനി കേസുകളാണ് ഇതുവരെ സെപ്റ്റംബറിൽ വന്നിട്ടുള്ളത്. ഈ വർഷം 58 കേസുകളും റിപ്പോർട്ടു ചെയ്തു
മഴയ്ക്ക് അല്പം ശമനം ഉണ്ടായതിന് തൊട്ടുപിന്നാലെയാണ് എലിപ്പനി രോഗവ്യാപനം. എലിപ്പനിക്ക് ഒപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ രോഗങ്ങളും ജില്ലയിൽ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രളയബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനി. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്.
ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും.
കുട്ടികളെ കുളത്തിലും തോട്ടിലും മീൻ പിടിക്കാൻ അനുവദിക്കാതിരിക്കുക, ശുദ്ധജലത്തിൽ മാത്രം കുളിക്കുക, മലിനജല സന്പർക്കത്തിനു ശേഷം പനി വന്നാൽ ചികിത്സ തേടുക, ശരീരവേദന, തലവേദന, കണ്ണിന് ചുമപ്പ്, മൂത്രത്തിനു മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ഛർദി ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടുക പനി വന്നാൽ സ്വയം ചികിത്സിക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ നല്കുന്നുണ്ട്.
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സന്പർക്കം വരുന്നവർക്കാണ് രോഗം കൂടുതലായും പകരുന്നത്.
രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ നാലുമുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ, ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടുകയോ ആശുപത്രികളെ സമീപിക്കുകയോ ചെയ്യണം.
എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.