കോഴിക്കോട്: ബംഗളൂരുവിൽ ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട്ടുനിന്നു കണ്ടെത്തിയതോടെ തുടര്‍നടപടികള്‍ വേഗത്തിലാക്കി പോലീസ്.
അതീവരഹസ്യമായാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കോഴിക്കോട് നഗരപരിധിയിലെ ബ്യൂട്ടിപാര്‍ലറില്‍നിന്ന് കർണാടക പോലീസ് കണ്ടെത്തിയത്.
ലോക്കല്‍ പോലീസിനെ ഉള്‍പ്പെടെ വിവരമറിയിക്കാതെയായിരുന്നു ഇത്. തുടര്‍ന്ന് ബംഗളൂരുവില്‍ എത്തിച്ചശേഷം വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇന്നു മൊഴി രേഖപ്പെടുത്തും.
യുവതിയെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് രണ്ടുയുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
തുടര്‍ന്നു ലഭിച്ച സൂചനകളെ തുടര്‍ന്നാണ് ഇവര്‍ പീഡിപ്പിച്ച യുവതി കോഴിക്കോട്ട് ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. ഇവിടെ ബ്യൂട്ടിപാർലർ ജീവനക്കാരിയായി ജോലിചെയ്യുകയായിരുന്നു.
ഒരാഴ്ച മുന്‍പാണ് ബംഗളൂരില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ക്രൂരദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
വീഡിയോ ക്ലിപ്പില്‍നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരങ്ങളും വച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് ബംഗളൂരുപോലീസ് അറിയിച്ചിരുന്നു.
മനുഷ്യക്കടത്തിലൂടെ ബംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷമായിരുന്നു ക്രൂരപീഡനം.
പ്രതികളിലൊരാള്‍ തന്നെ പകര്‍ത്തിയ വീഡിയോ വൈറല്‍ ആയതിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.