കോഴിക്കോട്: കാശ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച ഫണ്ട് തിരിമറി നടത്തിയ യൂത്ത്ലീഗ് നേതൃത്വത്തിനെതിരേ ഇന്നു വിജിലന്‍സ് മുമ്പാകെ പരാതി നല്‍കും.
കോഴിക്കോട് വിജിലന്‍സ് എസ്പി മുമ്പാകെയാണ് യൂത്ത്ലീഗ് ദേശീയ സമിതി അംഗം യൂസഫ് പടനിലം പരാതി നല്‍കുന്നത്. ഇതിനു പുറമേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെയും പരാതി നല്‍കും. ഇതിനായി നിയമവിദഗ്ധരുടെ സഹായം തേടും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സമാഹരിച്ച ഫണ്ടാണിത്. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇഡി മുമ്പാകെ പരാതി സമര്‍പ്പിക്കുന്നത്. ഫണ്ടിന്റെ ഉറവിടം സംബന്ധിച്ചു കൂടുതല്‍ പരിശോധിക്കാന്‍ എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ട്.
2018 ഏപ്രില്‍ 20 നായിരുന്നു യൂത്ത് ലീഗ് കത്വ ഉന്നാവോ കുടുംബ-നിയമസഹായ ഫണ്ട് സമാഹരിച്ചത്. വിദേശത്ത് നിന്ന് ലക്ഷങ്ങള്‍ പിരിച്ച് കോഴിക്കോട്ടെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ഭാരവാഹികളുടെ പേരിലാണ് പണം നിക്ഷേപിച്ചത്. ഒരുകോടിയിലേറെ തുക ലഭിച്ചിരുന്നു.
അതേസമയം മാസങ്ങള്‍ കഴിഞ്ഞിട്ടും പണം കൈമാറിയിട്ടില്ല. കത്വ-ഉന്നാവോ വിഷയങ്ങളില്‍ കുടുംബങ്ങളെ നിയമപരമായും അല്ലാതെയും സഹായിക്കാനെന്ന പേരിലാണ് യൂത്ത് ലീഗ് പണപ്പിരിവ് നടത്തിയത്.
പി.കെ. ഫിറോസ് നയിച്ച 2019 ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവോ ഫണ്ടില്‍ നിന്ന് 15 ലക്ഷം വകമാറ്റി ചെലവഴിച്ചു.
2018ല്‍ പിരിച്ച ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും കത്വ പെണ്‍കുട്ടിയുടെ കുടുംബത്തിന് കൈ മാറിയിട്ടില്ല എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് യൂത്ത് ലീഗിനെതിരെ ദേശീയ സമിതി അംഗം യൂസഫ് പടനിലം ഉയര്‍ത്തിയത്. നിയസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ആരോപണം രാഷ്ട്രീയ ആയുധമായി മാറ്റാനും നീക്കം നടക്കുന്നുണ്ട്.
തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം ഏറെ ആശങ്കകള്‍ സൃഷ്ടിച്ചിരുന്നു. അഴിമതി ചൂണ്ടിക്കാണിച്ചായിരുന്നു വിജിലന്‍സിനെ രംഗത്തിറിക്കിയത്.
ഇതു രാഷ്ട്രീയ പ്രേരിതമെന്ന രീതിയിലായിരുന്നു യുഡിഎഫ് പ്രതിരോധിച്ചത്. എന്നാല്‍, ഇത്തവണ യൂത്ത് ലീഗിനുള്ളില്‍നിന്നു തന്നെയാണ് ഗുരുതരമായ ആരോപണവുമായി വിജിലന്‍സ് മുമ്പാകെ പരാതി എത്തുന്നത്.
വിജിലന്‍സിനു പുറമേ കേന്ദ്രഏജന്സിക്കുകൂടി പരാതി നല്‍കുന്നതോടെ യൂത്ത് ലീഗിന്റെ സാമ്പത്തിക സ്രോതസുകളിലേക്കും അന്വേഷണം എത്താനുള്ള സാധ്യതയേറെയാണ്.