കോഴിക്കോട്: സമയത്തെചൊല്ലിയുള്ള സ്വകാര്യബസ് ജീവനക്കാരുടെ തമ്മിലടിക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. നടുറോഡില്‍ വച്ചും പാളയം സ്റ്റാന്‍ഡില്‍ വച്ചും വരെ പരസ്യമായ കയ്യാങ്കളി നടത്തുന്നവരെ വിലങ്ങണിയിക്കാനാണ് പോലീസ് തീരുമാനിച്ചത്.
ഈ മാസം മാത്രം നാലുബസുകളാണ് കസബ പോലീസ് പിടികൂടിയത്. ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതില്‍ ഒരു കേസില്‍ കണ്ടക്ടറുടെ തലയടിച്ച് പൊട്ടിച്ച മറ്റൊരു ബസിലെ ജീവനക്കാരനെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. ജൂലൈ മാസത്തിലും സമാനമായ സംഭവങ്ങളില്‍ അഞ്ചു കേസുകള്‍ കസബ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പാളയം ബസ്റ്റാന്‍ഡില്‍ വച്ചാണ് ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും കൂടുതലായും ഉണ്ടാവാറുള്ളത്. മുക്കം, മാവൂര്‍, താമരശേരി റൂട്ടിലോടുന്ന ബസുകളുടെ സമയത്തെ ചൊല്ലിയാണ് തര്‍ക്കം. സെക്കന്റുകള്‍ വ്യത്യാസത്തില്‍ സര്‍വീസ് നടത്തിയതും മറ്റും ചോദ്യം ചെയ്യുന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമാവുന്നത്.
അതേസമയം സംഘര്‍ഷമുണ്ടാക്കിയ ബസ് ജീവനക്കാര്‍ക്കെതിരേ പലപ്പോഴും നടപടിയെടുക്കാന്‍ പോലും പോലീസിന് സാധിക്കാറില്ല. രാഷ്ട്രീയ പോലീസ് തലത്തിലെ ബന്ധത്തെ തുടര്‍ന്ന് പലപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പേ തന്നെ ഇവരെ വിട്ടയയ്ക്കാനുള്ള നിര്‍ദേശമാണ് പോലീസിന് ലഭിക്കുന്നത്.
ഇപ്പോള്‍ സംഘര്‍ഷമുണ്ടാക്കിയ ബസ് ജീവനക്കാരേയും ബസുമുള്‍പ്പെടെ സംഭവം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് കോടതിയിലെത്തിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. വരും ദിവസങ്ങളിലും നടുറോഡില്‍ നിന്ന് വാക്കേറ്റമുണ്ടാക്കുന്ന ബസ് ജീവനക്കാരേയും മറ്റും പിടികൂടി കര്‍ശന നടപടിയ്ക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
അമിത വേഗതയുമായി കൊലകൊല്ലികളായി നിരത്തുവാഴുന്ന സ്വകാര്യബസുകള്‍ ലൈസന്സില്ലാത്തവരെയാണ് ബസ് ഓടിക്കുന്നതെന്ന് നേരത്തെ തന്നെ കസബ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കസബ എസ്ഐ വി.സിജിത്ത് നടത്തിയ അന്വേഷണത്തിലായിരുന്നു ബസ് ഓടിച്ചിരുന്ന യുവാവിന് ലൈസന്‍സില്ലെന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് മാവൂര്‍ -കോഴിക്കോട് റൂട്ടിലെ കെഎല്‍ 11 യു 2124 സിറാജുദ്ദീന് ബസ് ഓടിച്ച കുന്ദമംഗലം പെരിങ്ങളം പാറോല്‍ വീട്ടില്‍ മിഥുന് (24), കണ്ടക്ടര്‍ വേലായുധന് , ബസ് ജീവനക്കാരനായ ഷിബിന്‍, ചെക്കര്‍ നജീബ് റഹ്മാന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.