മഹത്തായ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓര്‍മകള്‍ പേറുന്ന കൊഴുക്കട്ട തിരുനാൾ നാളെ. വലിയനോമ്പിലെ നാല്പത്തൊന്നാം ദിവസം ക്രൈസ്തവ ഭവനങ്ങളില്‍ തയാറാക്കുന്ന പലഹാരമാണിത്. കുഴച്ച അരിപ്പൊടിക്കുള്ളില് തേങ്ങയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന രുചിയേറിയ വിഭവം. കൊഴു എന്നാല്‍ മഴു എന്ന് അര്‍ഥം. കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നതു പോലെ പാതാള വാതില്ക്കല് അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്നാണ് 140-ാം സങ്കീര്‍ത്തന വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അര്‍ഥത്തിലാണ് ഇതിന് കൊഴുക്കട്ട എന്ന പേരുണ്ടായത്.
കൊഴുക്കട്ട തയാറാക്കുന്നതിനെക്കുറിച്ച് പാരമ്പര്യ വിശ്വാസം പലതാണ്. ബഥാനിയായില്‍നിന്ന് ജറുസലേമിലേക്കുള്ള യാത്രയില്‍ മുന്‍പ് യേശു മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറിന്റെ ഭവനത്തില്‍ യേശു എത്തിയെന്നും ലാസറിന്റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവു കുഴച്ച് തയാറാക്കി ക്കൊടുത്ത വിരുന്നായിരുന്നു കൊഴുക്കട്ടയെന്ന് ഒരു പാരമ്പര്യം.
യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറും കുടുംബവും പാര്‍ത്ത ബഥാനിയായിലേക്കു പെസഹായ്ക്ക് ആറു ദിവസം മുന്‍പ് യേശു വീണ്ടും വന്നതായും അവിടെ അവര്‍ യേശുവിന് ഒരു അത്താഴം ഒരുക്കിയതായും അവിടെനിന്നു യേശു പിറ്റേന്ന് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് പോയതായും വിശുദ്ധ യോഹന്നാന് സുവിശേഷത്തില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വലിയ വിരുന്നായ പെസഹായ്ക്കു മുന്‍പ് യേശു ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു കൊഴുക്കട്ട എന്ന് കരുതാം.
പാചകം ചെയ്യുന്നയാളുടെ കൈവിരല്പ്പാടുകള് പതിയുന്ന പലഹാരമാണ് കൊഴുക്കട്ട. പീഡാനുഭവവേളയില്‍ യേശുവിനെ കല്ലെറിയുന്നതിനെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്ന് മറ്റൊരു വിശ്വാസവുമുണ്ട്. യേശുവിനെ തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേര്‍ത്ത കൊഴുക്കട്ടയെന്നു പറയുന്നവരുമുണ്ട്.
കൊഴുക്കട്ട തയാറാക്കാം…
ചേരുവ
അരിപ്പൊടി ഒരു കപ്പ്
തേങ്ങ അരമുറി
ഉപ്പ് ആവശ്യത്തിന്
ശര്‍ക്കര നൂറു ഗ്രാം
ഏലക്ക മൂന്ന് എണ്ണം
ചെറിയ ജീരകം ഒരു നുള്ള്
പാചകം
ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയില്‍ നാളികേരം ചുരണ്ടിയതും ഏലക്കപ്പൊടിയും ചെറിയ ജീരകം പൊടിച്ചതും ഇട്ടു നന്നായി ഇളക്കുക. അരിപ്പൊടി വെള്ളം ചേർത്തു നന്നായി കുഴച്ചുവയ്ക്കുക. ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട തയാറാക്കുമ്പോള്‍ പൊട്ടിപ്പോകില്ല. കുഴച്ച മാവ് ഉരുളകളാക്കി കനംകുറച്ച് പരത്തി നേരത്തേ തയാറാക്കിയ മിശ്രിതം നിറച്ച് വീണ്ടും ഉരുളകളാക്കുക. ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക.