മുക്കം: ലോക്ക്ഡൗണ് ജീവിതം വഴിമുട്ടിച്ചതോടെ എന്തു ചെയ്യണമെന്നറിയത്ത അവസ്ഥയിലാണ് കാഴ്ച്ചയില്ലാത്ത മലയമ്മ കമ്പനിമുക്കിലെ സുരേന്ദ്രനും ഭാര്യ നിർമലയും .
തിരുവനന്തപുരം സ്വദേശിയായ സുരേന്ദ്രന് തന്റെ പത്താം വയസിലാണ് കാഴ്ച നഷ്ടപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ജില്ലയിലെത്തിയ സുരേന്ദ്രൻ മലയമ്മ സ്വദേശിനിയായ കാഴ്ചപരിമിതിയുള്ള നിർമലയെ വിവാഹം കഴിക്കുകയും ഭാര്യയ്ക്ക് കുടുംബപരമായി കിട്ടിയ സ്ഥലത്ത് ചെറിയൊരു വീട് വച്ച് താമസം തുടങ്ങുകയും ചെയ്തു.
പേപ്പറുകളും മറ്റും ഉപയോഗിച്ച് ഫയൽ നിർമിക്കൽ, കസേര മെടയൽ, ഗാന മേളകളിൽ തബല വായിക്കൽ തുടങ്ങിയവയിലെല്ലാം സുരേന്ദ്രൻ തനിക്കും കുടുംബത്തിനു മുള്ള അന്നം കണ്ടത്തിയിരുന്നു.
ഫയലുകൾക്കും മെടഞ്ഞ കസേരകൾക്കും ആവശ്യക്കാരില്ലാതായതും ഗാനമേളകൾ കരോക്കെ ആയതും സുരേന്ദ്രന്റെ ജീവിത വഴി മുട്ടിച്ചു.
ശേഷം സിവിൽ സ്റ്റേഷൻ പരിസരത്തും നഗരത്തിന്റെ വിവിധയിടങ്ങളിലുമായി ലോട്ടറി വിൽപ്പന നടത്തിയാണ് സുരേന്ദ്രൻ തന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും വളർത്തി വന്നിരുന്നത്. അതിനിടയിൽ സർക്കാർ എടുത്ത ചില തീരുമാനങ്ങൾ ലോട്ടറി കച്ചവടത്തിൽ തിരിച്ചടിയായതായി സുരേന്ദ്രൻ പറയുന്നു.
ലോട്ടറി സമ്മാനതുക കുറക്കുകയും ടിക്കറ്റ് വില കൂട്ടുകയും ചെയ്തതോടെയാണ് ജനങ്ങൾ ടിക്കറ്റ് വാങ്ങുന്നതിൽ നിന്ന് പിൻവലിയുകയായിരുന്നു.
നേരത്തെ 20 ശതമാനം കമ്മീഷൻ ലഭിച്ചത് 10 ശതമാനമായി കുറയുകയും ചെയ്തു. ഈ ഒരു സാഹചര്യത്തിലാണ് കൂനിന്മേൽ കുരു എന്നപോലെ കൊറോണയും തുടർന്ന് ലോക്ക്ഡൗണും വന്നത്. അതോടെ വീട്ടിൽ നിന്ന് ഇറങ്ങാൻ പോലും പറ്റാതായി.
സഹായ മനസ്കരുടെ ഭക്ഷ്യ കിറ്റുകളും മറ്റുമാണ് ഇപ്പോൾ ആശ്രയം. ലോക്ക്ഡൗൺ നീളുന്നതിനാൽ അതും നിന്നുപോകുമോ എന്ന ഭീതിയിലാണ് ഈ കുടുംബം.