തിരുവനന്തപുരം: കെ.പി.അനിൽകുമാർ കോണ്ഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും രാജിക്കാര്യം ഇ മെയിൽ വഴി കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
ചാനൽ ചർച്ചയിൽ…
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും കോഴിക്കോട് എംപി എം.കെ. രാഘവനുമെതിരേ ചാനൽ ചർച്ചയ്ക്കിടെ രൂക്ഷ വിമർശനം നടത്തിയതിനു അനിൽ കുമാറിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
ഡിസിസി അധ്യക്ഷന്മാരായി നിയമിതരായ 14 പേരും ഗ്രൂപ്പുകാരാണെന്നും കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം ഇപ്പോഴത്തെ നേതൃത്വമാണെന്നുമായിരുന്നു അനിൽ കുമാറിന്റെ ആരോപണം.ഇതേ തുടർന്ന് അനിൽ കുമാറിനു നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി.
മറുപടി
ഇതിനു താൻ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നായിരുന്നു നോട്ടീസിനുള്ള മറുപടിയിൽ അനിൽ കുമാർ വിശദീകരിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്പോൾ വിലക്ക് ഉണ്ടായിരുന്നില്ല.
അതിനാൽ സസ്പെൻഷൻ പിൻവലിക്കണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. അനിൽ കുമാറിന്റെ മറുപടി തൃപ്തികരമല്ലെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ.
നേതാക്കൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും നേതാക്കൾ പറയുന്നു.
മുന്നറിയിപ്പ്
അതേസമയം, അനിൽ കുമാറിനൊപ്പം നടപടി നേരിട്ട മുൻ എംഎൽഎ കെ. ശിവദാസൻ നായരുടെ മറുപടി തൃപ്തികരമാണെന്നും പരസ്യ പ്രസ്താവനകൾ നടത്തുന്പോൾ ശ്രദ്ധിക്കണമെന്നു ശിവദാസൻ നായർക്കു മുന്നറിയിപ്പ് നൽകിയതായും നേതാക്കൾ പറയുന്നു.
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ വിമർശനമുന്നയിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കും സമാനമായ മുന്നറിയിപ്പ് നൽകിയതായാണ് വെളിപ്പെടുത്തൽ. ഈ സാഹചര്യത്തിലാണ് അനിൽ കുമാർ പാർട്ടിയിൽ നിന്നു രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നതെന്നാണ് അറിയുന്നത്.