കോതമംഗലം: പുരാതന തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയപള്ളി നാനാജാതി മതസ്ഥരുടെയും അഭയകേന്ദ്രമാണെന്നു മുൻ എംപി കെ.പി. ധനപാലൻ. ചെറിയപള്ളി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ റിലേ സത്യഗ്രഹ സമരത്തിന്റെ ആറാം ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസം, പൗരാണികത എന്നിവ നിലനിർത്താനല്ല മറുവിഭാഗം ശ്രമിക്കുന്നത്. മഹാഭൂരിപക്ഷമുള്ള മലങ്കര യാക്കോബായ സഭയുടെ പള്ളികളും സ്ഥാപനങ്ങളും പിടിച്ചെടുക്കാനാണ്. നീതിപീഠങ്ങൾ കുറെക്കൂടി ബോധ്യപ്പെടലുകൾ നടത്തണം. അതിന് ആവലാതിക്കാരുടെ സത്യസന്ധമായ വാദമുഖങ്ങൾ സമയബന്ധിതമായി കേൾക്കണം. അത്തരത്തിലാണ് നീതിപീഠങ്ങളുടെ വിധികൾ ഓരോന്നും വരേണ്ടതെന്ന് കെ.പി. ധനപാലൻ വ്യക്തമാക്കി.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൻ ദാനിയേൽ അധ്യക്ഷത വഹിച്ചു. സീതി മുഹമ്മദ്, കർമസമിതി കണ്‍വീനർ ഏ.ജി. ജോർജ്, കോണ്‍ഗ്രസ് പറവൂർ ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു, നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. നൗഷാദ്, റിട്ട. പോലീസ് സൂപ്രണ്ട് കെ.ഒ. മാത്യു തിരുവല്ല, എബി ഏബ്രഹാം, എം.എസ്. എൽദോസ്, റോയി കെ. പോൾ, എ.വി. രാജേഷ്, നോബിൾ ജോസഫ്, പി.ടി. ജോണി, പി.സി. ജോർജ്, ജെസി സാജു, ലൈജു പണിക്കർ, ഫാ. ജോസ് പരത്തുവയലിൽ, ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. പൗലോസ് ഒറവമ്മാലിൽ, ബിനോയ് മണ്ണഞ്ചേരി, സി.ഐ. ബേബി എന്നിവർ പ്രസംഗിച്ചു.
ചെറിയ പള്ളി സമരത്തിന് ഐക്യദാർഢ്യവുമായി ഓട്ടോറിക്ഷ തൊഴിലാളികളുടെ വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി നഗരത്തിൽ ഓട്ടോറിക്ഷാ റാലിയും നടത്തി. തങ്കളത്തുനിന്ന് ആരംഭിച്ച റാലി ചെറിയപള്ളി പരിസരത്ത് സമാപിച്ചു. സമാപന പരിപാടി സമര സമിതി ജനറൽ കണ്‍വീനറും നഗരസഭ വൈസ് ചെയർമാനുമായ എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിൻ നേതാക്കളായ ദിലീപ്, അഷറഫ്, കെ.എം. മക്കാർ, ഷൈബു നെല്ലിക്കുഴി എന്നിവർ നേതൃത്വം നൽകി.