കണ്ണൂർ: കഴിഞ്ഞ തവണത്തെ രാഷ്ട്രീയ എതിരാളിയുടെ വിജയത്തിനായി ഇത്തവണ കൂത്തുപറന്പിൽ സിപിഎം രംഗത്തിറങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പമായിരുന്ന കെ.പി. മോഹനന്റെ പാർട്ടി എൽജെഡി. ഇപ്പോൾ ഇടത് മുന്നണിയുടെ ഭാഗമായതോടെയാണ് മുൻ രാഷ്ട്രീയ എതിരാളിക്കായി സിപിഎം തന്നെ രംഗത്തിറങ്ങുന്നത്.
പാനൂർ സിംഹം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ സോഷ്യലിസ്റ്റായിരുന്ന പരേതനായ മുൻമന്ത്രി പി.ആർ. കുറുപ്പും മകൻ കെ.പി. മോഹനനും ഏറെക്കാലം ഇടത് പക്ഷത്തോടൊപ്പം തന്നെയായിരുന്നു. എന്നാൽ മുന്നണിയിലെ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കെ.പി. മോഹനന്റെ പാർട്ടിയായിരുന്ന ജനതാദൾ-യു യുഡിഎഫിലേക്ക് കൂടുമാറി.
ഇതിനു പിന്നാലെ 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയകേരളത്തെ അന്പരപ്പിച്ചുചരിത്രത്തിലാദ്യമായി കൂത്തുപറന്പ് വലതുപക്ഷത്തേക്ക് ചാഞ്ഞു. മോഹനൻ മന്ത്രിയുമായി. എൽഡിഎഫ് ഘടകകക്ഷി പോലുമല്ലാത്ത ഐഎൻഎലിന്റെ എസ്.എ. പുതിയവളപ്പിലായിരുന്നു കെ.പി. മോഹനന്റെ എതിർസ്ഥാനാർഥി.
എന്നാൽ 2016-ലെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ സിപിഎം ശൈലജയെ ഇറക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. കെ.കെ.ശൈലജ മന്ത്രിയുമായി. 12,291 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്.
പിന്നീട് രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റമുണ്ടാകുകയും കെ.പി. മോഹനൻ പ്രതിനിധാനം ചെയ്ത ജനതാൾ-യു എൽജെഡിയാവുകയും ഇടത് മുന്നണിയിൽ ഘടകകക്ഷിയായി മാറുകയും ചെയ്തു. ഇതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എതിരാളിക്ക് സിപിഎം തങ്ങളുടെ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കുകയായിരുന്നു.