പിലിക്കോട്: കഴിഞ്ഞ ഒന്നരവർഷമായി ചോർന്നൊലിക്കാത്ത ഒരു വീടിനായി കാത്തിരിക്കുകയാണ് കാസർഗോഡ് ജില്ലയുടെ സ്വന്തം സന്തോഷ് ട്രോഫി താരം. കേരളത്തിനായി ചാമ്പ്യൻഷിപ്പ് നേടിയ ടീമംഗമായ പിലിക്കോട്ടെ താരം കെ.പി. രാഹുൽ ഇപ്പോഴും പ്രതീക്ഷയിലാണ്. 2017ൽ ബംഗാളിനെ തോൽപ്പിച്ചു കേരളം ട്രോഫിയിൽ മുത്തമിട്ടപ്പോൾ സംസ്ഥാനസർക്കാർ നൽകിയ വാഗ്ദാനം ഇനിയും നടപ്പായിട്ടില്ല.
വിജയിച്ച ടീമിലുൾപ്പെട്ട തൊഴിൽ ഇല്ലാത്ത 11 ടീം അംഗങ്ങൾക്ക് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും നടപ്പായിട്ടില്ല. ഇത്തവണ ഐഎസ്എൽ ലീഗിൽ കളിക്കാൻ അവസരമൊരുങ്ങുമെന്ന പ്രതീക്ഷയിൽ രാഹുൽ ചെന്നൈക്ക് പുറപ്പെട്ടു. ചെന്നൈയിൻ എഫ്സി ടീമിന്റെ സെലക്ഷൻ ട്രയൽസിലേക്ക് ക്ഷണം ലഭിച്ചതിനാൽ വീടിന്റേയും സർക്കാർ ജോലിയുടെയും നൂലാമാലകളിൽ നിന്നൊഴിഞ്ഞു ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പിലിക്കോട് നിന്നുപോയത്.
രാഹുൽ ഇപ്പോഴും കാൽപന്തുകളി പരിശീലിച്ചുവരുന്ന പിലിക്കോടെ പാറ ഗ്രൗണ്ടിൽ കളിക്കാൻ എത്തുന്നതാവട്ടെ ചീമേനി ചെമ്പ്രകാനത്ത് നിന്നുമാണ്. പിലിക്കോട്ടുള്ള ചോർന്നൊലിക്കുന്ന വീട്ടിൽ കിടക്കാൻപോലും സൗകര്യമില്ല. ഇവിടെയാണ് മരപ്പണിക്കാരനായ അച്ഛൻ കെ.പി. രമേശനും അമ്മ കെ.വി. തങ്കമണിയും സഹോദരി പയ്യന്നൂർ കോളജിൽ ഡിഗ്രി വിദ്യാർഥിനി രസ്നയും കഴിയുന്നത്. പന്തുതട്ടാൻ സൗകര്യം ചീമേനിയിലെ മിച്ചഭൂമിക്കടുത്തില്ലതാനും.
ഒറ്റമുറിയിൽ ഒരു കുടുംബം കഴിഞ്ഞുകൂടുന്നു എന്നു മാത്രം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിലിക്കോടിന്റെ ഈ കറുത്തമുത്ത് കാൽപ്പന്തുകളിക്കളത്തിൽ ഇറങ്ങുന്നത്. പിലിക്കോട് ഗവ. യുപി സ്കൂളിൽ പഠിക്കുമ്പോൾ വിഷൻ ഇന്ത്യാ പ്രോജക്ടിൽ ഉദിനൂർ യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ നടന്ന സംസ്ഥാന മത്സരത്തിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് അണ്ടർ-13 കേരള ടീമിനായി ദേശീയമത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഫുട്ബോളിൽ പേരുകേട്ട മലപ്പുറം എംഎസ്പി സ്കൂളിൽ പഠിച്ചു കളിച്ചു. കോട്ടയം ബസേലിയൂസ് കോളജിൽ ബിഎ മലയാളത്തിനായി ചേർന്നപ്പോൾ എംജി യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്തു. എരവിൽ ഫുട്ബോൾ അക്കാദമിയുടെ ചിത്രരാജ് ഉൾപ്പെടെയുളള പരിശീലകർ പന്തുകളിയുടെ പാഠം രാഹുലിനു പകർന്നേകിയിട്ടുണ്ട്.
രണ്ടുവർഷം പിന്നിട്ടപ്പോൾ പഠനവും കളിയും ഒരുമിച്ചു കൊണ്ടുപോകാൻ മലബാറിലേക്ക് തിരിച്ചെത്തി. കണ്ണൂർ എസ്എൻ കോളജിൽ ഇപ്പോൾ അവസാനവർഷ ബിരുദ വിദ്യാർഥിയാണ്. കളിക്കിടയിൽ പഠനം ഒരുമിച്ചു കൊണ്ടുപോകാൻ ശ്രമം നടത്തിവരുന്ന ഈ ഇരുപതുകാരനു സഹപാഠികളും അധ്യാപകരും നോട്ട് നൽകിയും അനുബന്ധകാര്യങ്ങളിലും സഹായവും പിന്തുണയും നൽകിവരുന്നു.
കഴിഞ്ഞവർഷം രാഹുലിന്റെ പിലിക്കോട്ടെ വീട്ടിലേക്ക് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ അഭിനന്ദനവുമായി എത്തിയിരുന്നു. ആ അവസരത്തിലാണ് വീട് നൽകാനുള്ള നൂലാമാലകൾ നീക്കി നടപടികൾ വേഗത്തിലാക്കുമെന്നറിയിച്ചത്.
ഇതിനായി ഭൂമി കണ്ടെത്താൻ നിർദേശിച്ചു. പിലിക്കോട് വറക്കോട്ടുവയലിൽ ഏഴു സെന്റ് റവന്യു ഭൂമി കണ്ടെത്തിയെങ്കിലും ഇനിയും നടപടികൾ പൂർത്തിയായിട്ടില്ല. നൽകാമെന്ന് പ്രഖ്യാപിച്ച കാര്യങ്ങൾ നടപ്പാക്കാൻ ഇനി ആരെ സമീപിക്കണം എന്ന കാര്യം ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.