കൊല്ലം: ക്ഷേമനിധിപെന്‍ഷന്‍ വാങ്ങുന്ന തൊഴിലാളികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുകള്‍ നിഷേധിക്കുന്ന സര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന് ആവശ്യപ്പെട്ടു.തൊഴിലളികളുടെ അംശാദായം ഉപയോഗിച്ചാണ് ക്ഷേമനിധി പെന്ഷന് നല്‍കുക. രണ്ട് പെന്‍ഷനുകളും കൂടിചേര്‍ന്നാലും നാമമാത്രമായ തുകയാണ് ഓരോ തൊഴിലാളിക്കും ലഭിക്കുക.
മിനിമം പെന്ഷന് 6000 രൂപയാക്കണമെന്നാവശ്യപ്പെട്ട് എഐടിയുസിയും മറ്റ് ദേശീയ ട്രേഡ്യൂണിയനുകളും പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത് ശരിയല്ല. നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളുടെ നിഷേധം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കിളികൊല്ലൂര്‍ പ്രശാന്തി ഫാക്ടറിക്ക് മുന്നില്‍ നടന്ന കശുഅണ്ടി തൊഴിലാളി സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മോദി സര്‍ക്കാരിന്റെ തെറ്റായ നിലപാട് മൂലം കശുഅണ്ടി തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പിഎഫ് പെന്ഷന് ഇല്ലാതാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മാനദണ്ഡമനുസരിച്ച് കശുഅണ്ടി തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പിഎഫ്-ഇഎസ്ഐ പരിരക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണെന്നും രാജേന്ദ്രൻ ആരോപിച്ചുഫാക്ടറിക്ക് മുന്നില്‍ നടന്ന സമ്മേളനത്തില്‍ കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ജി ലാലു അദ്ധ്യക്ഷത വഹിച്ചു. ബി രാജു , അയത്തില്‍ സോമന്, മേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുക അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, വിരമിച്ച എല്ലാ തൊഴിലാളികള്‍ക്കും പെന്ഷന് അനുവദിക്കുക, നിയമനിഷേധം അവസാനിപ്പിക്കുക, ഗ്രാറ്റുവിറ്റി വിതരണം പൂര്‍ണമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 15 വരെ നീണ്ടുനില്‍ക്കുന്ന കശുഅണ്ടി തൊഴിലാളി കേന്ദ്രകൗണ്സിലിന്റെ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ഈ സമരം.