കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രഭൂമി അന്യാധീനപ്പെടുത്താനുള്ള നീക്കത്തിനെതിരെ ലോകമെന്പാടുമുള്ള ദേവി ഭക്തരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല.
ജീവരക്തം ദേവിക്കു സമർപ്പിക്കുന്ന പാരന്പര്യമുള്ള ഭക്തർ ക്ഷേത്രഭൂമി അന്യാധീനപ്പെടുത്താൻ അനുവദിക്കില്ല. മുസിരിസ് കന്പനിയുമായി ദേവസ്വം ബോർഡ് കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഉടൻ റദ്ദാക്കണം.
ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഉൗട്ടുപുരയും സ്ട്രോംഗ് റൂമും മുസിരിസ് കന്പനിക്കു പണയപ്പെടുത്താനുള്ള നീക്കത്തിനെതിരെ ക്ഷേത്ര രക്ഷാവേദി നടത്തിയ നവദിന നാമജപയജ്ഞത്തിന്റെ സമാപന ദിവസം ഭക്തരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ദേവസ്വം ബോർഡ് തീരുമാനത്തിൽ നിന്നും പിന്മാറുന്നില്ലെങ്കിൽ ക്ഷേത്ര ഭരണം രാഷ്ട്രീയവിമുക്തമാക്കുവാനുള്ള പ്രക്ഷോഭത്തിന്റെ നിമിത്തമായി കൊടുങ്ങല്ലൂരിലെ പ്രക്ഷോഭമെന്നും കെ.പി. ശശികല പറഞ്ഞു.
ഭക്തജന പ്രക്ഷോഭത്തിനു നേതൃത്വം നൽകുന്ന ഹൈന്ദവ സാമുദായിക സംഘടനകളുടെ വനിത ഭാരവാഹികളെ കെ.പി. ശശികല ഷാൾ അണിയിച്ചു.
ക്ഷേത്രരക്ഷാ വേദി ചെയർമാൻ മേജർ ജനറൽ ഡോ.പി. വിവേകാനന്ദൻ അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനർ സി.എം. ശശീന്ദ്രൻ, ജോ. കണ്‍വീനർ രാജേഷ് പെരിഞ്ഞനം എന്നിവർ സംസാരിച്ചു.