നവംബര്‍ അഞ്ചിന് ശബരിമലനട തുറന്നശേഷം പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നാല്‍ ആനിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. വിശ്വാസികള്‍ ആത്മാഹുതി നടത്തിയിട്ടായാലും ശബരിമലയിലേക്ക് യുവതികള്‍ കയറുന്നത് തടയുമെന്നും അവര്‍ പറഞ്ഞു.
ശബരിമല കര്‍മസമിതിയുടെ ധര്‍മസംഗമം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യവെയാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമായി മാറിയ ദേവസ്വം ബോര്‍ഡ് വിശ്വാസികള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം വിശ്വാസികള്‍ തീരുമാനിക്കും. ശബരിമലയിലും ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങളിലും നയാപൈസയിടില്ലെന്ന് വിശ്വാസികള്‍ പ്രതിജ്ഞയെടുക്കണം.
ശബരിമലയില്‍ യുവതീപ്രവേശനത്തിനായി എസ്.എഫ്.ഐ.യോ ഡി.വൈ.എഫ്.ഐ.യോ എന്തുകൊണ്ട് സമരം നടത്തിയില്ല. ഇടതുമുന്നണി പ്രകടനപത്രികയില്‍ പരാമര്‍ശിക്കാത്ത ശബരിമലയിലെ യുവതീപ്രവേശനമാണ് കോടതിവിധിയുടെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ആചാരം പരിഷ്‌കരിക്കുന്നതിന് ആരും എതിരല്ല. അനാചാരം പരിഷ്‌കരിക്കുകയും ദുരാചാരം മാറ്റുകയും വേണം. ആചാരലംഘനം നടത്തി യുവതികള്‍ പ്രവേശിച്ചാല്‍ ആ നിമിഷം കേരളം നിശ്ചലമാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.