ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ശ്രീദേവിയുടെ കരിയറിയിലെ മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു ഭരതന്‍ സംവിധാനം ചെയ്ത ദേവരാഗം. ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ പലരും ശ്രീദേവിയുമായി ബന്ധപ്പെട്ട തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. ഈയവസരത്തിലാണ് ദേവരാഗം എന്ന മലയാള ചിത്രത്തില്‍ ശ്രീദേവി അഭിനയിക്കാനുണ്ടായ കാരണം, കെപിഎസി ലളിത വെളിപ്പെടുത്തുന്നത്.
അവര്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ ഒരേ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അത് അവരുടെ അമ്മ രാജേശ്വരി അയ്യപ്പന്‍ ഭരതേട്ടന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഒരു വാക്കിന് പുറത്തായിരുന്നുവെന്നും കെ.പി.എ.സി ലളിത പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി.എ.സി ലളിത.
ആദ്യമായി ശ്രീദേവിയുടെ മുഖം കാമറയില്‍ പകര്‍ത്തിയത് ഭരതന്‍ ചേട്ടനായിരുന്നു. അന്ന് മൂന്നര വയസ് മാത്രമായിരുന്നു അവര്‍ക്ക് പ്രായം. ഭഗവാന്‍ കൃഷ്ണന്റെ വേഷമണിഞ്ഞുകൊണ്ടുള്ള ഒരു പരസ്യചിത്രത്തിന് വേണ്ടിയായിരുന്നു അത്. അതിന് ശേഷം അവരുമായി ബന്ധമൊന്നും ഉണ്ടായിരുന്നില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ദേവരാഗത്തെക്കുറിച്ച് ആലോചിക്കുന്ന സമയത്താണ് ആ ചിത്രത്തില്‍ ശ്രീദേവി അഭിനയിച്ചാല്‍ കൊള്ളാമെന്ന് ഭരതന്‍ ചേട്ടന് തോന്നിയത്. അന്ന് ചേട്ടന്‍ അവരെ വീട്ടില്‍ പോയി കണ്ടു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവരുടെ അമ്മയ്ക്ക് ചേട്ടനെ നല്ല ഓര്‍മയുണ്ടായിരുന്നു. അന്ന് പറഞ്ഞ വാക്കും. സിനിമയുടെ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നിറഞ്ഞ മനസോടെയാണ് അവര്‍ അതിനോട് പ്രതികരിച്ചത്.
നിങ്ങളാണ് അവളെ ആദ്യമായി കാമറയില്‍ പകര്‍ത്തിയത്. അത് കൊണ്ട് തന്നെ അവളെത്ര തിരക്കിലാണെങ്കിലും നിങ്ങളുടെ ചിത്രത്തില്‍ അവള്‍ അഭിനയിച്ചിരിക്കും എന്നായിരുന്നു അവര്‍ പറഞ്ഞത്. അന്ന് ശ്രീദേവി തിളങ്ങുന്ന താരമായിരുന്നു, മാത്രമല്ല പ്രതിഫലവും കൂടുതലായിരുന്നു. മലയാളവും മറന്നിരുന്നു. തമിഴില്‍ പോലും അവര്‍ ചിത്രങ്ങള്‍ ചെയ്തിരുന്നില്ല. എന്നാല്‍ അമ്മ നല്‍കിയ വാക്കിന്റെ പുറത്ത് മാത്രമാണ് അന്ന് ശ്രീദേവി ദേവരാഗത്തില്‍ അഭിനയിച്ചത്.
അങ്ങനെ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ശ്രീദേവിയുടെ അമ്മയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ വരുന്നത്. അവര്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. ഷൂട്ടിംഗ് നിര്‍ത്തിവച്ച് ശ്രീദേവിയും പോയി അമേരിക്കയിലേക്ക്. എന്നാല്‍ ഇടയ്ക്ക് വച്ച് ബോധം തെളിഞ്ഞപ്പോള്‍ ഭരതേട്ടന്റെ ചിത്രത്തില്‍ അഭിനയിച്ചേ തീരൂ എന്ന് അമ്മ നിര്‍ബന്ധിച്ചതായി ശ്രീദേവി ഞങ്ങളെ അറിയിച്ചു. അതുകൊണ്ട് മാത്രം ആ പടം പൂര്‍ത്തിയാക്കാന്‍ അവര്‍ തിരിച്ചു വന്നു.
വല്ലാത്തൊരു അവസ്ഥയിലായായിരുന്നു അന്ന് ശ്രീദേവി. എന്നാല്‍ അതൊന്നും ഒരിക്കലും അവരുടെ അഭിനയത്തെ ബാധിച്ചില്ല. സിനിമയുടെ ഷൂട്ടിംഗ് അവര്‍ പൂര്‍ത്തിയാക്കി. അങ്ങനെയാകണം ഒരു അഭിനേതാവ്. അവര്‍ എല്ലാവര്‍ക്കും മാതൃകയാണ്. ലളിത പറയുന്നു.