സിജോ പൈനാടത്ത്
കൊച്ചി: 550 ലേറെ സിനിമകളില്‍ അതുല്യമായ അഭിനയ മികവുമായി പ്രതിഭ തെളിയിച്ച കെപിഎസി ലളിതയുടെ, വെള്ളിത്തിരയിലേക്കുള്ള ആദ്യഷോട്ട് അവിസ്മരണീയമായിരുന്നു.
അറുപതുകളില്‍ കെപിഎസിയുടെ അരങ്ങുകളില്‍ അനായാസം കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത ലളിതയ്ക്കു, കാമറയ്ക്കു മുന്നിലെത്തിയപ്പോഴുള്ള പരിഭ്രമം തിരിച്ചറിഞ്ഞ സംവിധായകന് സേതുമാധവനാണ്, ആ അവിസ്മരണീയ മുഹൂര്ത്തത്തിനു പിന്നില്‍.
സേതുമാധവന്റെ സംവിധാനത്തില്‍ ഉദയാ ഒരുക്കിയ കൂട്ടുകുടുംബമായിരുന്നു ലളിതയുടെ ആദ്യചിത്രം. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത കെപിഎസിയുടെ കൂട്ടുകുടുംബം നാടകം 1970 ലാണു സേതുമാധവന് സിനിമയാക്കിയത്.
നാടകത്തിലും ലളിത അഭിനയിച്ചിരുന്നെങ്കിലും അതു സിനിമയിലേക്കെത്തിയപ്പോള്‍ വല്ലാത്ത ടെന്‍ഷന്‍ അവരുടെ മുഖത്തുണ്ടായിരുന്നെന്നു തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഓര്‍ക്കുന്നു.ഉദയായുടെ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ആദ്യമായാണ് സിനിമാ ലൊക്കേഷനിലേക്കു ലളിത എത്തുന്നത്.
കണ്ണഞ്ചിക്കുന്ന പ്രകാശത്തോടെ ജ്വലിക്കുന്ന ലൈറ്റുകള്‍, ക്രെയിനിലും ട്രോളിയിലും ട്രാക്കിലും സ്റ്റാന്‍ഡിലുമായി മാറിമാറി ഇടംപിടിക്കുന്ന കാമറ, അതിനിടയില്‍ ഓരോ ഷോട്ടിനും മുമ്പു മുഖത്തിനു മുന്പില് സഹസംവിധായകന് കൊണ്ടുവന്നു ശബ്ദത്തോടെ അടിക്കുന്ന ക്ലാപ്പ് ബോര്‍ഡ്… മറ്റ് അഭിനേതാക്കളുടെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നതു കണ്ടപ്പോഴേ ലളിതയ്ക്കു പരിഭ്രമം.
ഇതു മനസിലാക്കിയ സേതുമാധവന് ലളിതയെ ആശ്വസിപ്പിച്ചു. ടെന്‍ഷനാവണ്ട. വളരെ സാവകാശം നമുക്കു റിഹേഴ്സല്‍ ചെയ്തുറപ്പിക്കാം. എന്നിട്ടു പൂര്‍ണ വിശ്വാസവും ധൈര്യവുമായിക്കഴിഞ്ഞശേഷം മതി ടേക്ക്.ഇതു കേട്ടപ്പോള്‍ ലളിതയ്ക്ക് ആശ്വാസം. പരിഭ്രമം മാറ്റിവച്ചു ലളിത റിഹേഴ്സലിന് ഒരുങ്ങി.
അടുക്കള കോലായിലിരുന്ന് മുറത്തില്‍ അരി ചേറ്റുന്ന കഥാപാത്രമാണ് ലളിത ആദ്യ ഷോട്ടില്‍ അഭിനയിക്കേണ്ടത്. അരിയിലെ കല്ലു പെറുക്കി കളയുന്നതിനിടയില്‍ ചെറിയ ഡയലോഗ്, വീണ്ടും മുറം ചേറ്റണം. സംവിധായകന്റെ നിര്‍ദേശപ്രകാരം ലളിത ചെയ്തു.
ബ്യൂട്ടിഫുള്‍… നന്നായി. സേതുമാധവന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ലളിതയ്ക്കു സന്തോഷം.ഈശ്വരാ ടേക്കിലും കുഴപ്പം കൂടാതെ ചെയ്യാന്‍ പറ്റണേ എന്നു ലളിത മനസില്‍ പ്രാര്‍ഥിക്കുമ്പോള്‍ സംവിധായകന് ഇതു കൂടി പറഞ്ഞു.റിഹേഴ്സല്‍ എന്നു പറഞ്ഞെടുത്തതു ടേക്ക് ആയിരുന്നു. ആദ്യ ടേക്ക് ഓക്കെയായി. അതാണു ബ്യൂട്ടിഫുള്‍ എന്നു പറഞ്ഞത്.
ഇനി ടെന്‍ഷന്‍ വേണ്ട.ആശ്വാസത്തോടും അത്ഭുതത്തോടും കൂടി കൈകൂപ്പി നില്ക്കുമ്പോള് ലളിതയുടെ മിഴികള്‍ നിറഞ്ഞിരുന്നുവെന്നും സംവിധായകന് സേതുമാധവന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരവും രണ്ടുവട്ടവും സംസ്ഥാന പുരസ്കാരം നാലുതവണയും നേടിയ, അസാമാന്യ മികവോടെ അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കിയ കെപിഎസി ലളിതയുടെ സിനിമയിലെ ആദ്യ ഷോട്ടിന്റെ കൗതുകം അവര്‍ തന്റെ ആത്മകഥയിലും (കഥ തുടരും) പങ്കുവച്ചിട്ടുണ്ട്.