അജിൽ നാരായണൻ
കെപിഎസി ലളിത ജീവിതത്തിന്റെ അരങ്ങൊഴിയുന്പോൾ നാടകത്തിലൂടെ സജീവമായി വെള്ളിത്തിര കീഴടക്കിയ അതുല്യ അഭിനേത്രിയെയാണ് മല യാളിക്കു നഷ്ടമാകുന്നത്.
കാമുകിയായും അമ്മയായും അമ്മൂമ്മയായുമെല്ലാം വേഷപ്പകർച്ചകൾ നടത്തിയ അഭിനയ ജീവിതം 550ഓളം ചിത്രങ്ങളിലൂടെ അര നൂറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്നു.
ഏതു വേഷങ്ങൾ ചെയ്യുന്പോഴും അതിൽ തന്റേതായ ഒരു സിഗ്നേച്ചർ പതിപ്പിച്ച പ്രതിഭയായിരുന്നു അവ ർ.ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബ്ബിന്റെ ബലി എന്ന നാടകത്തിലൂടെയായിരുന്നു ലളിതയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം.
1960ൽ ഗായികയായി കെ പിഎസിയിലെത്തിയ അവർ പിന്നീട് അഭിനയത്തിൽ തിളങ്ങി. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി. സ്വയംവരം, അനുഭവ ങ്ങൾ പാളിച്ചകൾ, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ നാടകങ്ങളിലൂടെ അഭിനയരംഗത്തു ചുവടുറപ്പിച്ച അവർ ഏറെ വൈകാതെ സിനിമയിലെത്തി.
1970ൽ കെപിഎസി നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരമായ കൂട്ടുകുടുംബത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നാടകത്തിലെ അതേ വേഷംതന്നെയായിരുന്നു ലളിതയ്ക്ക്.
സിനിമയിലെ ആദ്യകാലത്തു സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകമനസുകളിൽ ഇടം പിടിച്ചു.
1978ലായിരുന്നു മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളായ ഭരതനുമായുള്ള വിവാഹം. പിന്നീട് കുറച്ചുവർഷങ്ങൾ ലളിത സിനിമയിൽ ഉണ്ടായിരുന്നില്ല.
പിന്നീട് 1983ൽ കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.സന്മനസുള്ളവർക്ക് സമാധാനം, പൊൻമുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടും വെള്ളിത്തരയിൽ സജീവമായി.
അമ്മവേഷങ്ങളിൽ നർമം കലർത്തിയുള്ള വേഷങ്ങൾ കെപിഎസി ലളിതയെ മറ്റ് സ്വഭാവനടികളിൽ നിന്ന് വേറിട്ടുനിർത്തുന്നു.
സ്ഫടികം, ഗോഡ്ഫാദർ, അമരം തുടങ്ങി മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളായി പിൽക്കാലത്തു വിലയിരുത്തപ്പെട്ട ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങളിൽ കെപിഎസി ലളിത തി ളങ്ങി.
1998ൽ ഭർത്താവ് ഭരതൻ മരിച്ചപ്പോഴും കുറച്ചുകാലം സിനിമയിൽനിന്നു വിട്ടുനിന്ന ലളിതച്ചേച്ചി തൊട്ടടുത്ത വർഷം വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി.
ശാന്തം, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, അലൈ പായുതെ തുടങ്ങിയ ചിത്രങ്ങൾ പിന്നീടു വന്നു.തന്നെ താനാക്കിയ നാടക രംഗത്തിനു വേണ്ടിത്തന്നെയായിരുന്നു അവസാനകാലത്ത് ലളിതചേച്ചി പ്രവർത്തിച്ചിരുന്നത്. അന്താരാഷ്ട്ര നാടകോത്സവം ഉൾപ്പെടെയുള്ള മേളകളിൽ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണ് എന്ന നിലയിൽ അവർ സജീവമായിരുന്നു.
ഓർമക്കോണിൽ നിറയുന്ന അഭിനയറാണി
വി.ശ്രീകാന്ത്
നാണവും ചമ്മലും മാറി മറിയുന്ന മുഖത്ത് ചിരിയും ദേഷ്യവും ഇടകലർന്നു വരുന്ന വിധം എത്രയോവട്ടം മലയാളികൾ കണ്ട് അത്ഭുതപ്പെട്ടതാണ്.
അഭിനയ റാണി കെപിഎസി ലളിത ഇനിയില്ലായെന്ന് കേൾക്കുന്പോൾ ഓരോരുത്തരുടെയും മനസിൽ അവർ അഭിനയിച്ച് അനശ്വരമാക്കിയ നൂറ് നൂറ് കഥാപാത്രങ്ങൾ നിമിഷങ്ങൾ കൊണ്ടു മിന്നി മറിയും.
അത്രയേറെ ലളിത മനസുകളിൽ നിന്നും മനസുകളിലേക്ക് ആഴ്ന്നിറങ്ങിയിട്ടുണ്ട്. അവർ വെള്ളിത്തിരയിൽ കരഞ്ഞപ്പോളെല്ലാം ഓരോ വീട്ടമ്മയുടെയും കണ്ണീർ തീയറ്ററുകളിലും സ്വീകരണമുറികളിലും വീണുടഞ്ഞിട്ടുണ്ട്.
ജിസ് ജോയി ചിത്രങ്ങളിലെ ചേച്ചിയുടെ മനസലിയിക്കുന്ന സംഭാഷണങ്ങൾ എത്രയോവട്ടം മലയാളികൾ ആവർത്തിച്ച് കണ്ടു കാണും.
ഹോമിലെ അന്നമ്മച്ചേട്ടത്തി ക്ലൈമാക്സിലെത്തി ആ സിനിമയ്ക്ക് കൊടുത്ത ഊർജം ആർക്കാണ് മറക്കാൻ കഴിയുക. ഇന്നസെന്റിനൊപ്പം നെടുമുടി വേണുവിനൊപ്പം തിലകനൊപ്പമെല്ലാം ലളിതയാടിയ വേഷങ്ങളെല്ലാം പ്രകടനമികവുകൊണ്ട് ശ്രദ്ധനേടിയപ്പോൾ മോഹൻലാലിനൊപ്പമുള്ള അമ്മ വേഷങ്ങൾ ഏവരുടെയും മനസിലുടക്കി കിടപ്പുണ്ട്.
ഇത്തിരി കുന്നായ്മയും അസൂയയുമെല്ലാം ഇടകലരുന്ന രംഗങ്ങളിൽ ലളിതയുടെ കത്തിക്കേറൽ ആരായാലും കണ്ടിരുന്നു പോകും.
ഇപ്പോൾ കരയുമെന്ന് തോന്നുന്ന രംഗങ്ങളിൽ നിന്നും ചിരിയുടെ വേലിയേറ്റത്തിലേക്ക് പടർന്നുകയറി അഭിനയം എനിക്കെന്റെ ജീവശ്വാസമാണെന്ന് എത്രയോവട്ടം ലളിതാമ്മ കാട്ടിതന്നിട്ടുണ്ട്.
ഞാൻ പ്രകാശനിലെ കുറുന്പുള്ള പോളി ചേച്ചിയും മനസിനക്കരയിലെ അലിവുള്ള കുഞ്ഞുമറിയയും അച്ചുവിന്റെ അമ്മയിലെ അമ്മയേയും മകളേയും കെട്ടിക്കാൻ നടക്കുന്ന കുഞ്ഞല ചേട്ടത്തിയുമെല്ലാം പ്രേക്ഷകരുടെ ഓർമകളിൽ ഓടികളിക്കുകയാണ്.
അമ്മയായി അമ്മായിഅമ്മയായി ചേച്ചിയായി ചേട്ടത്തിയായി ഭാര്യയായി വീട്ടിലെ ഒരംഗമായി ചേച്ചി ഇനിയെന്നും ഓർമക്കോണിൽ നിറഞ്ഞു നിൽക്കും.