കൊച്ചി/തൃപ്പൂണിത്തുറ: അനുപമമായ അഭിനയമികവുകൊണ്ടു മലയാള സിനിമയില് പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന നടി കെപിഎസി ലളിത(74)യ്ക്ക് അന്ത്യാഞ്ജലി അര്പ്പിച്ച് കലാകേരളം. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ഔദ്യോഗിക ബഹുമതികളോടെ വടക്കാഞ്ചേരിയിലെ കുടുംബവീട്ടിൽ നടക്കും.
ചൊവ്വാഴ്ച രാത്രി 10.45-ന് തൃപ്പൂണിത്തുറയില് മകന് സിദ്ധാര്ഥിന്റെ ഫ്ളാറ്റിലായിരുന്നു കെപിഎസി ലളിതയുടെ അന്ത്യം. കരള് സംബന്ധമായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.
മരണവിവരം അറിഞ്ഞതുമുതല് തൃപ്പൂണിത്തുറയില് മകന് സിദ്ധാര്ഥിന്റെ ഫ്ളാറ്റിലേക്ക് സിനിമാലോകം ഒഴുകിയെത്തി.
രാഷ്ട്രീയ, കല-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര് അന്ത്യോപചാരം അര്പ്പിച്ചു. രാത്രി 12-ന് ഭൗതിക ശരീരം ഫ്ളാറ്റിന്റെ ക്ലബ് ഹൗസില് പൊതുദര്ശനത്തിനു വച്ചു.
മമ്മൂട്ടി, മോഹന്ലാല്, ബാബുരാജ്, ടിനി ടോം, രചന നാരായണന്കുട്ടി, നാദിര്ഷ, ദിലീപ്, കാവ്യ മാധവന്, ഫഹദ് ഫാസില്, അമല് നീരദ് , സരയൂ, ബി. ഉണ്ണിക്കൃഷ്ണന്, ഇടവേള ബാബു എന്നിവര് ഇവിടെയെത്തി അന്ത്യാഞ്ജലി അര്പ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം തൃപ്പൂണിത്തുറ സ്റ്റാച്ച്യു ജംഗ്ഷനിലുള്ള ലായം കൂത്തമ്പലത്തില് പൊതുദര്ശനത്തിന് വച്ചു.
കലയുടെ കേളികൊട്ടുയരുന്ന കൂത്തമ്പലത്തില് നവരസങ്ങള് നിറഞ്ഞാടിയിരുന്ന അഭിനയ കലയുടെ മഹാറാണിയുടെ ചേതനയറ്റ മുഖം കണ്ട് കലാസ്വാദകരുടെ മിഴികള് ഈറനണിഞ്ഞു.
സിനിമയിലെയും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്പ്പെട്ട ഒട്ടേറെയാളും നാട്ടുകാരും പ്രിയ നടിക്ക് ആദരാഞ്ജലി അര്പ്പിക്കാനെത്തി.
അവസാനമായി ഒരു വട്ടം കൂടി പ്രിയ നടിയെ കാണാനായി രാവിലെ മുതല് കൂത്തമ്പലത്തിലും ജനങ്ങള് കാത്തു നിന്നിരുന്നു. സ്ത്രീകളും കുട്ടികളുമുള്പ്പെടെ നൂറ് കണക്കിന് പേര് ആദരാഞ്ജലിയര്പ്പിച്ചു.
സംസ്ഥാന സര്ക്കാരിനു വേണ്ടി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പുഷ്പചക്രം അര്പ്പിച്ചു. തൃപ്പൂണിത്തുറ നഗരസഭയ്ക്കു വേണ്ടി ചെയര്പേഴ്സണ് രമ സന്തോഷ്, വൈസ് ചെയര്മാന് കെ.കെ. പ്രദീപ് കുമാര് തുടങ്ങിയവര് റീത്ത് സമര്പ്പിച്ചു.
പതിനൊന്നരയോടെ ഭൗതികശരീരം വടക്കാഞ്ചേരിയിലേയ്ക്ക് കൊണ്ടുപോയി.നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി 550ലേറെ ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുതവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമി മുന് ചെയര്പേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്ത സംവിധായകന് അന്തരിച്ച ഭരതനാണ് ഭര്ത്താവ്. മക്കള്: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്ഥ് ഭരതന്.