ആര് എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലിപിനെ സന്ദര്‍ശിക്കാന്‍ താരങ്ങള്‍ ജയിലിലേക്കൊഴുകിയത് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഭരണകക്ഷിയുടെ പിന്തുണയോടെ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തെത്തിയ കെ.പി.എ.സി ലളിത ദിലീപിനെ സന്ദര്‍ശിച്ചത് അനൗചിത്യമാണെന്നാണ് സിപിഎം നേതാക്കള്‍ തന്നെ രഹസ്യമായി പറയുന്നത്. ആക്രമണത്തിനിരയായ നടിയെ സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത ചെയര്‍പേഴ്‌സണ്‍ ആരോപണവിധേയനായ നടനെ ജയിലില്‍ സന്ദര്‍ശിച്ചതിലൂടെ പദവിയുടെ പവിത്രതയും, വിശ്വാസ്യതയും തകര്‍ത്തെന്നാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ വിമര്‍ശനം.

എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെപിഎസി ലളിത രംഗത്തെത്തി. താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമാണെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും ഒരു ദിനപത്രത്തോട് അവര്‍ വ്യക്തമാക്കി.’ദിലീപിനെ എന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. എന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, ഞാന്‍പിന്തുണക്കും. ഞാന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ല’ കെ.പി.എസി ലളിത പറഞ്ഞു.

എന്നാല്‍ കെപിഎസി ലളിതയുടെ നടപടിയ്‌ക്കെതിരേ പല കോണുകളില്‍ നിന്നും പ്രതിഷേധമുയരുന്നുണ്ട്. അക്കാദമി ചെയര്‍േപഴ്‌സണ്‍ പദവിയുടെ പവിത്രതയും വിശ്വാസ്യതയും തകര്‍ത്ത സാഹചര്യത്തില്‍ ലളിത രാജി വയ്ക്കുകയോ അല്ലെങ്കില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കുകയോ വേണമെന്നാണ് ചില സാംസ്കാരിക നായകന്മാര്‍ ആവശ്യപ്പെടുന്നത്. പ്രമുഖ നാടക പ്രവര്‍ത്തകനും രാജ്യാന്തര നാടകോത്സവത്തിെന്റ മുന്‍ ക്യൂറേറ്ററുമായ ദീപന്‍ ശിവരാമന്‍, ‘രംഗചേതന’ ഡയറക്ടര്‍ കെ.വി. ഗണേശ്, ഇടതുപക്ഷ സഹയാത്രിക ദീപ നിശാന്ത് എന്നിവരാണ് ലളിതക്കെതിരെ ആദ്യം രംഗത്തുവന്നത്. ദീപന്‍ ശിവരാമന്റെയും ദീപ നിശാന്തിന്റെയും ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി നാടക പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരെത്തി.

 

 

Related posts