തൃശൂർ: നടി കെപിഎസി ലളിതയുടെ അഭിനയജീവിതത്തിന്റെ സുവർണജൂബിലിയാഘോഷം അടുത്ത മാസം 11നു മണ്ണുത്തി വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിനു നടക്കുന്ന “ലളിതം 50’ ൽ സിനിമാരംഗത്തെ പ്രശസ്തർ പങ്കെടുക്കും.
നടിമാരായ ശാരദ, ഷീല, വിധുബാല, രേവതി, മേനക, ഉർവ്വശി തുടങ്ങി പത്ത് പേർ ചേർന്ന് നിലവിളക്കിന് തിരികൊളുത്തുന്നതോടെയാണ് ലളിതം 50 ആരംഭിക്കുക. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച പത്ത് വനിതകളെ വേദിയിൽ ആദരിക്കും. ചലച്ചിത്ര പിന്നണി ഗായകരായ പി. ജയചന്ദ്രൻ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, ഉണ്ണിമേനോൻ, മഞ്ജരി, റിമി ടോമി, സിത്താര, മൃദുല എന്നിവർ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, ചലച്ചിത്രതാരങ്ങളായ വിനീത്, രചനാ കൃഷ്ണൻകുട്ടി, അപർണ്ണ ബാലമുരളി, അനുശ്രീ, കൃഷ്ണപ്രഭ, പാർവ്വതി നന്പ്യാർ എന്നിവരുടെ നൃത്തനൃത്യങ്ങൾ എന്നിവയ്ക്കൊപ്പം കോമഡി ഷോയും അഞ്ച് മണിക്കൂർ നീളുന്ന ലളിതത്തിന്റെ ഭാഗമാകും.
തൃശൂരിന്റെ പ്രിയപ്പെട്ട സംവിധായകൻ ഭരതന്റെ ഭാര്യ എന്ന നിലയിലും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണ് എന്ന നിലയിലുമാണ് തൃശൂർ ആഘോഷങ്ങളുടെ വേദിയായി തീരുമാനിച്ചതെന്ന് സംഘാടകസമിതി പ്രസിഡന്റ് സാദിഖ്, ഇവന്റ് ഡയറക്ടർ എം. പത്മകുമാർ എന്നിവർ പറഞ്ഞു. സൗജന്യപാസ് മൂലം പ്രവേശനം നിയന്ത്രിക്കും. മിലൻ ജലീൽ, കെ. യതീന്ദ്രൻ, ഇഗ്നി മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.