തിരുവനന്തപുരം: മലയാളത്തിലെ പേരുകേട്ട അഭിനേത്രിയാണ് കെപിഎസി ലളിത. ബ്ലാക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളുടെ കാലത്ത് തുടങ്ങിയ ലളിതയുടെ അഭിനയം ഇപ്പോള്‍ ന്യൂജന്‍ സിനിമകളില്‍ വരെയെത്തി നില്‍ക്കുന്നു. ഇടതുപക്ഷത്ത് ഉറച്ചു നില്‍ക്കുന്ന നടിയായതിനാല്‍ അവര്‍ക്ക് സര്‍ക്കാര്‍ സ്ഥാനവും നല്‍കി. ലളിതകലാ അക്കാദമി സ്ഥാനമാണ് ലളിതക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയത്. ഇങ്ങനെയുള്ള ലളിത നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് സന്ദര്‍ശിക്കാന്‍ എത്തിയത് നിരവധി തവണയാണ്.
അതേസമയം ലളിതയുടെ ഓഫീസിന് സമീപത്തു നിന്നു വിളിപ്പാടകലെയാണ് ആക്രമണത്തിന് ഇരയായ നടി താമസിക്കുന്നത്. എന്നിട്ടും അവരെ സന്ദര്‍ശിക്കാന്‍ ലളിത തയ്യാറാകാത്ത നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. ലളിതയുടെ വളര്‍ച്ചയില്‍ പലരും സഹായിച്ചിട്ടുണ്ട്. എന്നാല്‍, ആ കാലമൊക്കെ മറന്നാണ് ദിലീപിന് പിന്നാലെ ലളിത പോയത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ലളിതയുടെ ജയില്‍ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ലളിതകലാ അക്കാദമിയുടെ ഓഫീസിന് വളരെ അടുത്താണ് ആക്രമിക്കപ്പെട്ട നടിയുടെ ഓഫീസ്. ദിലീപിനെ കാണാന്‍ സര്‍ക്കാര്‍ കാറിലാണ് ലളിത പോയതും. ഇത് തെറ്റായ നടപടിയാണെന്നാണ് ഒരു വിഭാഗം ആള്‍ക്കാര്‍ പറയുന്നത്. ദിലീപ് ജയില്‍ മോചിതനായപ്പോള്‍ വീട്ടിലെത്തിയാണ് അവര്‍ പിന്തുണ അറിയിച്ചത്. ഇങ്ങനെ പ്രതിക്ക് പിന്തുണ അറിയിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍ വേണോ എന്ന ചോദ്യമാണ് ലളിതക്കെതിരേ ഉന്നയിച്ചത്.