.
സ്വന്തം ലേഖകൻ
രഞ്ജിത്തിന്റെ നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിന് കെ.പി.എ.സി ലളിതയുടെ ജീവിതവുമായി സാദൃശ്യമുണ്ട്.
പണ്ടുതൊട്ടേ കെ.പി.എ.സി ലളിത തികഞ്ഞ ഒരു കൃഷ്ണഭക്തയായിരുന്നുവെങ്കിലും സാക്ഷാൽ ഗുരുവായൂരപ്പനെ ഗുരുവായൂരന്പലത്തിൽ നേരിട്ടു കാണാൻ കാലം കുറച്ചു കാത്തിരിക്കേണ്ടി വന്നു. ബാലാമണിയെ പോലെ….
കമ്യൂണിസ്റ്റ് പാർട്ടിയിലും കെ.പി.എ.സിയിലുമൊക്കെ പ്രവർത്തിക്കുന്പോഴും ഹൃദയം നിറയെ കൃഷ്ണഭക്തിയുമായി കഴിഞ്ഞിരുന്ന ലളിതയ്ക്ക് ഗുരുവായൂരന്പലത്തിൽ പോയി ഗുരുവായൂരപ്പനെ തൊഴണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്ന സമയം.
അതിനിടെയാണ് കെ.പി.എ.സിക്ക് ഗുരുവായൂരിൽ ക്ഷേത്രത്തിനു സമീപത്തായി നാടകം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നത്. ലളിതയ്ക്ക് ഇതിൽപരം സന്തോഷം വേറെ ഒന്നില്ലായിരുന്നു.
നാടകം കളിക്കാൻ പോകുന്പോൾ ഗുരുവായൂരന്പലത്തിൽ കയറി തൊഴാമെന്ന മോഹത്തോടെ ഗുരുപവനപുരിയിലെത്തിയെങ്കിലും തൊഴാൻ സാധിച്ചില്ല.
കെ.പി.എ.സിയുടെ തലപ്പത്തുള്ളവർ അന്ന് ലളിതയോട് ഇപ്പോൾ തൊഴാനൊന്നും പോകേണ്ടെന്ന് പറഞ്ഞതോടെ ലളിതയുടെ ആഗ്രഹങ്ങൾ അവിടെ നിലച്ചു.
നാടകം നടക്കുന്ന ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നുകൊണ്ട് ഗുരുവായൂരന്പലം നോക്കി ലളിത ഉള്ളുരുകി പ്രാർത്ഥിച്ചു. നേരിൽ വരാൻ കഴിയാത്ത സങ്കടം ലളിത തന്റെ ഇഷ്ടദേവനുമായി പങ്കിട്ടു. എന്നെങ്കിലും നേരിൽവരാമെന്ന് കണ്ണനോട് മനസിൽ പറയുകയും ചെയ്തു.
ഗുരുവായൂരപ്പനെ കാണാൻ കഴിയാതിരുന്ന വേദനയോടെയാണ് അന്ന് ലളിത അരങ്ങിൽ നിറഞ്ഞാടിയത്. ഗുരുവായൂരിൽ നിന്ന് നാടകവണ്ടിയിൽ മടങ്ങുന്പോഴും പിൻതിരിഞ്ഞു നോക്കി വരാംട്ടോ വൈകാതെ എന്നു പറയാൻ ലളിത മറന്നില്ല.
ഇതെല്ലാം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷം ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും മറ്റു ചിലരും മുടിയനായ പുത്രൻ എന്ന നാടകം കളിക്കുന്നതിന് അനുമതി തേടി കെ.പി.എ.സിയിലെത്തി.
അതിന് അനുവാദം നൽകിയപ്പോൾ ചെല്ലമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവർക്ക് ലളിതയെ തന്നെ വേണമെന്ന അപേക്ഷയും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയും കൂട്ടരും മുന്നോട്ടുവെച്ചു. അതും അനുവദിക്കപ്പെട്ടതോടെ ലളിത വീണ്ടും ഗുരുവായൂരിലേക്കെത്തി.
അന്ന് ലളിത ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയോട് രണ്ടേ രണ്ടു കാര്യമാണ് ആവശ്യപ്പെട്ടത്. ഒന്ന് ഗുരുവായൂരിൽ നിർമാല്യം തൊഴണം, മറ്റൊന്ന് ഗുരുവായൂരപ്പന്റെ പാൽപായസം കുറച്ചു കുടിക്കണം…
ഇത്രയേയുള്ളൂവെന്നായി ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി.നിർമാല്യം തൊഴുന്പോൾ ലളിതയുടെ മനസു നിറഞ്ഞു..ഗുരുവായൂരപ്പന്റെ തിരുനടയിൽ നിന്ന് കൈകൂപ്പി തൊഴുന്പോൾ ലളിത മനസിൽ പറഞ്ഞത്രേ…
ന്റെ കൃഷ്ണാ ഇതിനടുത്തുള്ള ആരെങ്കിലുമെന്നെ കല്യാണം കഴിക്കുകയാണെങ്കിൽ ദിവസവും എനിക്കിവിടെ വന്ന് തൊഴാമായിരുന്നു….. കൃഷ്ണൻ ആ പ്രാർത്ഥന കേട്ടു…അധികം വൈകാതെ ലളിത വടക്കാഞ്ചേരിയുടെ മരുമകളായി ഗുരുവായൂരിനടുത്തേക്ക് എത്തുകയും ചെയ്തു.
മനസിൽ കമ്യൂണിസവും കൃഷ്ണഭക്തിയും ചേർത്തുവച്ച ജീവിതം
മനസിൽ കമ്യൂണിസത്തിന്റെ തീജ്വാലയും കൃഷ്ണഭക്തിയുടെ തുളസീദളവും ചേർത്തുവെച്ച ജീവിതമായിരുന്നു കെ.പി.എ.സി.ലളിതയുടേത്. പ്രത്യയശാസ്ത്രവും ഭക്തിയും എങ്ങിനെ ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുന്നുവെന്ന് പലപ്പോഴും ലളിതയോട് ചോദിച്ചപ്പോൾ ചിരിച്ചൊഴിയുകയായിരുന്നു അവർ.
കെ.പി.എ.സിയുടെ നാടകങ്ങളിൽ സജീവമായി അഭിനയിക്കുന്പോൾ ലളിത തന്റെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ച പെട്ടിയുടെ അടിയിൽ ഭഗവാൻ കൃഷ്ണന്റെ ചിത്രം ആരും കാണാതെ ഒളിപ്പിച്ചു സൂക്ഷിച്ചുവെച്ചിരുന്നു. ആകാശം കാണാതെ സൂക്ഷിച്ചുവെക്കുന്ന മയിൽപീലി പോലെ….
കെ.പി.എ.സിയിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ ആളിപ്പടർന്നു നിൽക്കുന്ന അക്കാലത്ത് ഭക്തിക്കൊന്നും അവിടെ ഇടമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആരും കാണാതെ പുലർകാലത്തായിരുന്നു ലളിത കൃഷ്ണന്റെ ചിത്രമെടുത്ത് ചന്ദനത്തിരി കൊളുത്തി പ്രാർത്ഥിച്ചിരുന്നത്.
ഒരുദിവസം ഈ ഒളിച്ചുള്ള ഭക്തി പിടിക്കപ്പെടുകയും അവർ കൃഷ്ണന്റെ ചിത്രമെടുത്ത് വലിച്ചെറിയുകയും ചെയ്ത കഥ ലളിത വേദനയോടെയാണ് ഓർക്കാറുള്ളത്. തനിക്കെല്ലാ സങ്കടങ്ങളും തുറന്നുപറയാൻ കഴിഞ്ഞിരുന്ന ഏറ്റവുമടുത്ത സുഹൃത്തായാണ് ലളിത സാക്ഷാൽ ഗുരുവായൂരപ്പനെ കണ്ടിരുന്നത്.