കൊച്ചി: നഷ്ടമായത് സ്വന്തം ചേച്ചിയെ എന്ന് മോഹന്‍ലാൽ. ലളിത ചേച്ചിയുമായി ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിക്കാന്‍ സാധിച്ചു.
അസുഖ ബാധിതയായിരുന്നപ്പോൾ നേരിൽ കാണുവാൻ സാധിച്ചില്ലെന്നും വിയോഗം ദുഃഖകരമാണെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.
കെപിഎസി ലളിതയുടെ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിത ചേച്ചിയുമായി തനിക്ക് സിനിമയ്ക്കപ്പുറമുളള വ്യക്തി ബന്ധമുണ്ടായിരുന്നു.
ഏറെ നാളത്തെ അടുപ്പമാണ് ചേച്ചിയുമായി ഉണ്ടായിരുന്നത്. അമ്മയും മകനുമായി ചുരുക്കങ്ങളിൽ സിനിമകളിൽ ചേച്ചിയുമൊത്ത് അഭിനയിക്കാൻ സാധിച്ചത് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു.
വിയോഗം നടുക്കവും തീരാനഷ്ടവുമാണ് ഉണ്ടാക്കുന്നതെന്ന് ടിനി ടോം പറഞ്ഞു. ഫഹദ് ഫാസിൽ, ദിലീപ്, മഞ്ചു പിള്ള, ബാബുരാജ്, സംവിധായകന് ബി.ഉണ്ണികൃഷ്ണന് എന്നിവര്‍ രാത്രി തന്നെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
കെപിഎസി ലളിതയുടെ സംസ്കാരം ഇന്ന്; പൊതുദര്‍ശനം ലായം ഓഡിറ്റോറിയത്തില്‍
കൊച്ചി: അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയുടെ (75) സംസ്കാരം ബുധനാഴ്ച നടക്കും.
വൈകുന്നേരം അഞ്ചിന് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. രാവിലെ മുതല്‍ 11.30 വരെ തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
ഉച്ചയോടെയാകും മൃതദേഹം വടക്കാ ഞ്ചേരിയിലെ വീട്ടിലെത്തിക്കുക.
ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു ലളിതയുടെ അന്ത്യം. മകന്, നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്റെ കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലായിരുന്നു അന്ത്യം.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് രാമപുരത്ത് 1947 ഫെബ്രുവരി 25 നായിരുന്നു മഹേശ്വരിയമ്മ എന്ന ലളിതയുടെ ജനനം.
ഫോട്ടോഗ്രഫറായിരുന്ന കെ. അനന്തൻ നായരും ഭാർഗവിയമ്മയുമാണ് മാതാപിതാക്കൾ. നാലു സഹോദരങ്ങൾ.
രാമപുരം ഗവണ്മെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പഠനം.
മലയാളത്തിലും തമിഴിലുമായി 550ൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തു നിന്നാണ് സിനിമയിലെത്തിയത്.
മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടു പ്രാവശ്യവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുപ്രാവശ്യവും സ്വന്തമാക്കി.
കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.
യാത്രയാകുന്നത് അമ്മയെ പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മഞ്ജു വാര്യർ
കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത ഒരാള്‍ ആണ് യാത്രയാകുന്നതെന്ന് മഞ്ജു വാര്യര്‍ കുറിച്ചു.
മഞ്ജുവിന്റെ കുറിപ്പിന്റെ പൂർണരൂപം
അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്.
ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്.
‘മോഹൻലാൽ ‘ എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു.
അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട…
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ നഷ്ടമായി; ലളിതയുടെ വേർപാടിൽ മമ്മൂട്ടി
കൊച്ചി: ജീവിതത്തിൽ വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് മമ്മൂട്ടി. നടി കെപിഎസി ലളിതയുടെ വേർപാടിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവം’-മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കെപിഎസി ലളിതയോടൊപ്പം മമ്മൂട്ടി നിരവധി സിനിമകളിൽ വേഷമിട്ടിരുന്നു. കോട്ടയം കുഞ്ഞച്ചൻ, കനൽക്കാറ്റ്, അമരം, ലൗഡ്സ്പീക്കർ, നസ്രാണി, ഉട്യോപ്പയിലെ രാജാവ്, ബെസ്റ്റ് ആക്ടർ തുടങ്ങി നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു.
പ്രശസ്ത ചിത്രമായ ‘മതിലുകളിൽ’ നാരായണി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും കെപിഎസി ലളിതായിരുന്നു.
അമൽ നീരദ് സംവിധാനം ചെയ്യുന്ന “ഭീഷ്മ പർവത്തിലാണ്’ കെപിഎസി ലളിത മമ്മൂട്ടിയോടൊപ്പം അവസാനമായി വേഷമിട്ടത്.