kവടക്കാഞ്ചേരി: ഭർത്താവ് ഭരതനെ അടക്കം ചെയ്ത എങ്കക്കാട്ടിലെ പാലിശേരി തറവാട്ടിൽ ഭരതന്റെ ചിതയ്ക്കരികിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു കെപിഎസി ലളിതയുടെ ആഗ്രഹമെങ്കിലും അതു സാധിച്ചില്ല.
കാരണം ഭരതനെ അടക്കം ചെയ്ത ഭൂമി വിറ്റുപോയി.
പക്ഷേ, എറണാകുളത്തേക്കു തിരിക്കുംമുമ്പ് മകൻ സിദ്ധാർത്ഥിനോടു ലളിത പറഞ്ഞ ആഗ്രഹം എങ്കക്കാട് ലളിത നിർമിച്ച ‘പാലിശേരിയിലെ ഓർമ’ എന്ന വീട്ടുവളപ്പിൽ തന്റെ മൃതദേഹം സംസ്കരിക്കണം എന്നായിരുന്നു.
ഓർമകൾ വഴിതെറ്റിപ്പോകുന്നതിനിടയിലും അമ്മ ഇക്കാര്യം പറഞ്ഞപ്പോൾ സിദ്ധു സമ്മതിച്ചിരുന്നു.
അങ്ങനെ ലളിത വീണ്ടും ഓർമയെന്ന തന്റെ പ്രിയപ്പെട്ട വീട്ടിലേക്കു തിരിച്ചുവന്നു. എല്ലാ ഭാവങ്ങളും ഉണരാത്ത നിദ്രയിലൊതുക്കിക്കൊണ്ട്….
ഇന്നലെ വൈകുന്നേരം ഓർമയിലെ വീട്ടുവളപ്പിലൊരുക്കിയ ചിതയിൽ ലളിതയെന്ന അഭിനേത്രി എരിഞ്ഞടങ്ങുമ്പോൾ അത് ഒരു മഹാനടിയുടെ വിടവാങ്ങലായി.
വടക്കാഞ്ചേരിയുടെ മരുമകളാണ് ലളിതയെങ്കിലും വടക്കാഞ്ചേരിക്കാർക്കു ലളിത അവരുടെ മകൾതന്നെയാണ്.
വടക്കാഞ്ചേരിയുടെ പേരും പെരുമയും സിനിമാലോകത്തേക്കെത്തിച്ച ഭരതന്റെ പ്രിയപ്പെട്ട ലളിത ഒടുവിൽ വടക്കാഞ്ചേരിയുടെ മണ്ണിൽ അലിയുമ്പോൾ ഇനിയെല്ലാം ഓർമകൾ മാത്രം…