കൂത്തുപറമ്പ്: ക്ഷേത്രത്തിന്റെ മണിക്കിണർ നിർമാണത്തിനിടെ പത്തുകോൽ താഴ്ചയിൽ മറ്റൊരു കിണറും പുരാവസ്തുക്കളും കണ്ടെത്തി. കതിരൂരിനടുത്ത് പുല്യോട് തേവരുള്ളതിൽ വിഷ്ണുക്ഷേത്രത്തോടുചേർന്ന് മണിക്കിണർ നിർമിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്.
ഒരാഴ്ച മുമ്പാണ് കിണർ നിർമാണപ്രവൃത്തി തുടങ്ങിയത്. നാലു കോൽ താഴ്ചയിൽ കുഴിച്ചപ്പോൾ ഒരുഭാഗത്തെ മണ്ണ് അസാധാരണമാംവിധം ഇടിയുന്നത് ശ്രദ്ധയിൽപ്പെടുകയും തൊട്ടടുത്തുതന്നെ കിണർ മാറ്റിക്കുഴിക്കുകയുമായിരുന്നു. 11 കോൽ കുഴിച്ചപ്പോഴാണ് ഇതേ കിണറിന്റെ അളവിൽ ചുറ്റും ചെങ്കല്ലുകൊണ്ട് കെട്ടിയനിലയിൽ മറ്റൊരു കിണർ നിലകൊള്ളുന്നതായി കാണപ്പെട്ടത്.
മാത്രമല്ല, ഇതിനിടയിൽ താഴികക്കുടം, മൺപാത്ര കഷണങ്ങൾ, കരിങ്കൽ രൂപങ്ങൾ, കരി തുടങ്ങിയ പുരാവസ്തുക്കളും കണ്ടെത്തി. വിവരമറിഞ്ഞ് നിരവധി പേരാണ് ക്ഷേത്രത്തിൽ എത്തിയത്. സമാനമായരീതിയിൽ വർഷങ്ങൾക്കുമുമ്പും ക്ഷേത്രപ്പറമ്പിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങൾ ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയിരുന്നു.