സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെയും കെപിസിസി ഭാരവാഹികളുടെയും പട്ടിക സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ, അണിയറയിൽ പോരിനു കളമൊരുക്കുന്ന നീക്കങ്ങളുമായി കോണ്ഗ്രസ് ഗ്രൂപ്പുകൾ സജീവം.
എതിർപ്പുകളെ അവഗണിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അന്തിമ പട്ടികയ്ക്കു രൂപം നൽകാൻ ഡൽഹിയിലേക്കു തിരിച്ചതോടെയാണ് ഗ്രൂപ്പുകൾ കടുത്ത നീക്കങ്ങളിലേക്കു കടന്നിരിക്കുന്നത്. അതിനിടെ, രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരുടെ വാട്സ് ആപ്പ് ഗ്രൂപ്പായ ആർ.സി. ബ്രിഗേഡിലെ ചർച്ചകളും പുറത്തുവന്നിട്ടുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെയും കെപിസിസി ഭാരവാഹികളുടെയും അന്തിമ പട്ടിക തയാറാക്കുന്നതിനുള്ള തുടർ ചർച്ചകൾ നാളെ മുതൽ ഡൽഹിയിൽ നടക്കാനിരിക്കേയാണ് ഐ ഗ്രൂപ്പിന്റെ പടയൊരുക്കം പുറത്തായിരിക്കുന്നത്.
തീരുമാനം വന്നാലുടൻ രംഗത്തുവരണമെന്നും ഡിസിസി പ്രസിഡന്റ് പദത്തിലേക്കു പരിഗണിച്ചവരുടെ ഫാൻസിനെ ഇളക്കിവിടണമെന്നുമാണ് ആർ.സി. ബ്രിഗേഡ് എന്ന വാട്സ് ആപ്പിലെ ചർച്ചകളിൽ പറയുന്നത്. പറ്റുമെങ്കിൽ ഉമ്മൻ ചാണ്ട ിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരോടും ആശയവിനിമയം നടത്തി സംയുക്ത ആക്രമണമെന്ന നിലയിൽ നീങ്ങാനും ആഹ്വാനം ചെയ്യുന്നു.
എന്നാൽ, രമേശ് ചെന്നിത്തലയുടെ അറിവോടെയല്ല ഈ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് പറയുന്നത്. അതേസമയം, എ,ഐ ഗ്രൂപ്പുകൾ നടത്തുന്ന പടയൊരുക്കത്തെ നേരിടാൻ കെ.എസ് സോഷ്യൽ മീഡിയ ഗ്രൂപ്പുകളും തയാറെടുക്കുന്നുണ്ട്. ഗ്രൂപ്പുകൾ കെപിസിസി നേതൃത്വത്തിനെതിരേ നീങ്ങുകയാണെന്നു കെ. സുധാകൻ പക്ഷം ആരോപിക്കുന്നു.
മുൻ കെപിസിസി അധ്യക്ഷന്മാർ അടക്കമുള്ള നേതാക്കളുടെ അഭിപ്രായം തേടാതെയാണ് ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക തയാറാക്കിയതെന്നും കെ. സുധാകരനും വി.ഡി. സതീശനും പുതിയ ഗ്രൂപ്പുണ്ട ാക്കാൻ ശ്രമിക്കുകയാണെന്നും എ, ഐ ഗ്രൂപ്പുകൾ നേരത്തെ തന്നെ ഹൈക്കമാൻഡിനു പരാതി നൽകിയിരുന്നു.
തങ്ങളെ പരിഗണിക്കാത്തതിലുള്ള അതൃപ്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അറിയിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ സമവായമുണ്ടാക്കാനും പട്ടികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുമാണ് കെപിസിസി പ്രസിഡന്റിനു കോണ്ഗ്രസ് ഹൈക്കമാൻഡ് നേരത്തെ നിർദേശം നൽകിയിരുന്നത്.
നേരത്തെ തയാറാക്കിയ പട്ടികയിൽ ആവശ്യമായ വനിത പ്രാതിനിധ്യമില്ലാത്തതിൽ കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.