സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡിസിസി ഭാരവാഹികളുടെ പട്ടികയ്ക്ക് അന്തിമ രൂപമാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടാണ് നിർദേശം നൽകിയത്. നാല് എംപിമാരുടെ പരാതികളെ തുടർന്നാണ് ഹൈക്കമാൻഡിന്റെ നടപടി.
എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, എം.കെ. രാഘവൻ എന്നിവരാണ് പരാതി നൽകിയത്.
പുനഃസംഘടന ചർച്ചകളിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്വം അനർഹർക്കു ലഭിക്കുകയാണെന്നുമാണ് എംപിമാർ ഉന്നയിച്ചത്.
സമവായ നീക്കങ്ങൾ ഒന്നും പരിഗണിക്കാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെതിരേ നേരത്തെ ഗ്രൂപ്പ് നേതാക്കളും രംഗത്തെത്തിയിരുന്നു.
എന്നാൽ, പാർട്ടി പുനഃസംഘടനയ്ക്കുള്ള എല്ലാ അനുമതിയും ഹൈക്കമാൻഡ് നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ വ്യക്തമാക്കിയിരുന്നത്. ഇത് വലിയ വാക് പോരിനും ഇടയാക്കിയിരുന്നു.
ഇതിനിടെയിലാണ് തങ്ങളെ സഹകരിപ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടി എംപിമാർ ഹൈക്കമാൻഡിനെ സമീപിച്ചത്.പാർട്ടിയിലെ ജംബോ കമ്മിറ്റികളെ ഒഴിവാക്കുന്നതിനായി ഡിസിസികളിലെയും കെപിസിസി ഭാരവാഹിത്വത്തിലെയും അംഗങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള തീവ്ര നീക്കമാണ് സുധാകരന്റെ നേതൃത്വത്തിൽ നടത്തിയത്.
ഇതേ തുടർന്ന് ഗ്രൂപ്പ് നേതാക്കൾ അടക്കം ജില്ലകളിൽ നിന്നു എതിർപ്പ് ശക്തമാകുകയായിരുന്നു.