തിരുവനന്തപുരം: കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിട നികുതി ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രം ഈടാക്കാന്‍ കെപിസിസിയുടെ നിർദേശം.
ഇതിനായുള്ള പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കെപിസിസിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷര്‍ക്കും ജനപ്രതിനിധികള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
അധിക നികുതികള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ഇരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കണമെന്നും അനുമതി നിഷേധിച്ചാല്‍ പ്രതിഷേധം സംഘടിപ്പിക്കണമെന്നും കെപിസിസി അറിയിച്ചു.
കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ, പെര്‍മിറ്റ്, ലേ ഔട്ട്, സ്ക്രൂട്ടിനി എന്നിവയ്ക്കുള്ള ഫീസ് വര്‍ധിപ്പിച്ചത് സർക്കാർ കുറയ്ക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടണം.
സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞതും കൂടിയതുമായ അടിസ്ഥാന നിരക്കുകള്‍ക്കുള്ളില്‍ നിന്ന് ഉചിതമായ നിരക്കുകള്‍ ഈടാക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതിക്ക് ഉണ്ടെന്നും കെപിസിസി വൃക്തമാക്കി.
ഉയര്‍ന്ന നികുതി പിരിച്ച് ജനങ്ങളെ പിഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാരും മന്ത്രിയും നല്കുന്ന ഒരു അവാര്‍ഡും കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമില്ലെന്നും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ആശ്വാസ നടപടികള്‍ക്കും പൊതുജനം നല്കുന്ന അംഗീകാരം മാത്രം മതിയെന്നുമാണ് കെപിസിസി നിലപാട്.