തൃശൂർ: സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാന്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരേ വിമർശനമുണ്ടായിട്ടില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. അത്തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും പ്രതാപൻ അറിയിച്ചു.
ക്യാന്പ് എക്സിക്യൂട്ടീവിന്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രതിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാന്പ് പ്രതിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനഃപൂർവം മാധ്യമങ്ങളെ തെറ്റിധരിപ്പിച്ചിരിക്കുകയാണ്.
ഇതേക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതാപൻ പ്രസ്താവനയിൽ അറിയിച്ചു.
കെ. മുരളീധരൻ കോണ്ഗ്രസ് പാർട്ടിയുടെ സമുന്നത നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ മാറ്റി നിർത്തികൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ലെന്നും പ്രതാപൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആരെയും ബലിയാടാക്കുന്നതല്ല പാർട്ടി നയമെന്നും പ്രതാപൻ പറഞ്ഞു.