തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഡിജിപി ഓഫിസ് മാർച്ച് സംഘർഷത്തിൽ കലാശിക്കുന്നു.
നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും പ്രവർത്തകർ തല്ലിത്തകർത്തു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോൾ ടിയർ ഗ്യാസും ജല പീരങ്കിയും ഉപയോഗിച്ച് പോലീസ്. മാർച്ച് പോർക്കളമായപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പ്രസംഗം പകുതിയിൽ നിർത്തി. പോലീസിന്റെ കണ്ണീർ വാതകത്തിൽ കെ. സുധാകരനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നവംബർ 18ന് കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ആരംഭിച്ച നവകേരള സദസിന് ഇന്ന് തലസ്ഥാനത്ത് സമാപനം കുറിക്കുന്നതിനിടയിലാണ് ഇന്നു രാവിലെ പത്തിന് ഡിജിപി ഓഫിസിലേക്കു കോൺഗ്രസ്മാർച്ച് പ്രഖ്യാപിച്ചത്.
കെപിസിസി ആസ്ഥാനത്തു നിന്നാരംഭിച്ച മാർച്ചിന് പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എം.എം.ഹസൻ, കെ. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി.